അവാര്‍ഡ് നേട്ടം അറിയാതെ സ്കൂള്‍ വിട്ടുവന്ന തന്മയ,
സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച ബാലതാരമായി (പെണ്) തിരഞ്ഞെടുക്കപ്പെട്ടത് തന്മയ സോള്‍ ആണ്. എന്നാല്‍, അവാര്‍ഡ് പ്രഖ്യാപിച്ച വിവരമൊന്നും താരം അറിഞ്ഞിരുന്നില്ല. പതിവ് പോലെ സ്കൂള്‍ വിട്ട് വീട്ടിലേക്ക് വരുന്ന വഴിക്ക് സര്‍പ്രൈസുമായി ബന്ധുക്കള്‍ കാത്തിരിക്കുകയായിരുന്നു.
അവാര്‍ഡ് ലഭിച്ച കാര്യം പറഞ്ഞിട്ടും ആദ്യം തന്മയ വിശ്വസിച്ചില്ല. സത്യമായിട്ടും അവാര്‍ഡ് കിട്ടിയോ? എന്നായിരുന്നു താരത്തിന്റെ സംശയം. പറ്റിക്കാന്‍ പറയുകയാണെന്നാണ് തന്മയ ആദ്യം വിചാരിച്ചതെങ്കിലും ഫോണിലെ വാര്‍ത്ത കണ്ടാണ് അവസാനം വിശ്വസം വന്നത്.
അവാര്‍ഡ് കിട്ടിയ വിവരം അറിയുന്ന തന്മയയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആയിരിക്കുകയാണ്. സിനിമയിലെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും സോള്‍ബ്രദേഴ്സ് എന്ന വീഡിയോഗ്രഫി സ്ഥാപനത്തിന്റെ മാനേജരുമായ ജിഷ്ണു വിജയനാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
സോള്‍ബ്രദേഴ്സ് ഉടമയും ഫോട്ടോഗ്രാഫറുമായ അരുണ്‍ സോളിന്റെ മകളാണ് തന്മയ. തന്മയയ്ക്ക് പുരസ്കാരം ലഭിച്ച, സനല്‍കുമാര്‍ ശശിധരന് ചിത്രം വഴക്കിന്റെ അസോസിയേറ്റ് ഡയറക്ടറുമായിരുന്നു അരുണ്‍. ടൊവിനോ തോമസ് നായകനായ ചിത്രമാണ് വഴക്ക്.
സുദേവ് നായര്‍, കനി കുസൃതി, അസീസ് നെടുമങ്ങാട് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു. ചിത്രത്തിന് 27-ാമത് കേരള ചലച്ചിത്ര മേളയില്‍ ‘മലയാളം സിനിമാ ടുഡേ’ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ടൊവിനോ തോമസ് പ്രൊഡക്ഷന്‍സും പാരറ്റ് മൗണ്ട് പിക്ചേഴ്സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.