സോണിയ ഗാന്ധി കര്‍ണാടക വഴി രാജ്യസഭയിലേക്ക്, റായ്ബറേലിയില്‍ പ്രിയങ്ക?

Spread the love

മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി 2024 ല്‍ കര്‍ണാടക വഴി രാജ്യസഭയിലേക്ക് മത്സരിക്കുമെന്ന് സൂചന. 2024 ഏപ്രിലില്‍ കര്‍ണാടകയില്‍ ഒഴിവ് വരുന്ന നാല് രാജ്യസഭാ സീറ്റുകളില്‍ ഒന്നില്‍ സോണിയ ഗാന്ധി മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ട്. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ഇത്തരമൊരു നിര്‍ദേശം മുന്നോട്ട് വച്ചതെന്നും റിപ്പോര്‍ട്ടുണ്ട്.

കര്‍ണാടകയില്‍ നിന്നുള്ള ജിസി ചന്ദ്രശേഖര്‍, സയ്യിദ് നസീര്‍ ഹുസൈന്‍, എല്‍ ഹനുമന്തയ്യ (കോണ്‍ഗ്രസ്), രാജീവ് ചന്ദ്രശേഖര്‍ (ബിജെപി) എന്നിവരുടെ കാലാവധി 2024 ഏപ്രില്‍ 2 ന് അവസാനിക്കും. നസീര്‍ ഹുസൈന് കോണ്‍ഗ്രസ് രണ്ടാമൂഴം നല്‍കിയേക്കും. എഐസിസി വക്താവ് സുപ്രിയ ശ്രീനേതിനും സീറ്റ് നല്‍കാന്‍ സാധ്യതയുണ്ട്. മൂന്നാം സീറ്റില്‍ സോണിയ മത്സരിക്കും എന്നാണ് സൂചന.

നിലവില്‍ റായ്ബറേലിയില്‍ നിന്നുള്ള എംപിയാണ് സോണിയ ഗാന്ധി. സോണിയ ഗാന്ധിക്ക് പകരം റായ്ബറേലിയില്‍ പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കാനാണ് ആലോചന. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായാണ് വിവരം.

അടുത്തിടെ പ്രതിപക്ഷ നേതൃയോഗത്തില്‍ പങ്കെടുക്കാനായി ബെംഗളൂരുവില്‍ എത്തിയ സമയത്താണ്, മുഖ്യമന്ത്രി സിദ്ധരാമയ്യ സോണിയയോട് കര്‍ണാടകയില്‍നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കാന്‍ ആവശ്യപ്പെട്ടത്. സോണിയ അനുകൂലമായോ പ്രതികൂലമായോ പ്രതികരിച്ചില്ലെങ്കിലും, അവര്‍ ഇവിടെനിന്ന് മത്സരിക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.

രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാല്‍ ഇപ്പോഴത്തെ ഔദ്യോഗിക വസതിയായ 10 ജന്‍പഥ് നിലനിര്‍ത്താന്‍ സോണിയയ്ക്ക് കഴിയും.

Leave a Reply

Your email address will not be published. Required fields are marked *