ഫുട്‌ബോള്‍ താരത്തിന്റെ വീട് കത്തുമ്പോഴും മിണ്ടുന്നില്ല: സി.കെ വിനീത്
മണിപ്പൂരില്‍ നടക്കുന്ന ക്രൂരകൃത്യങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഫുട്‌ബോള്‍ താരം സി.കെ വിനീത്. മണിപ്പൂര്‍ കത്തുമ്പോള്‍ അധികാരികള്‍ ഊര് ചുറ്റുകയാണെന്ന് വിനീത് പറഞ്ഞു. വിഷയത്തില്‍ കായികലോകം പ്രതികരിക്കാത്തതിലെ നിരാശയും താരം പങ്കുവെച്ചു.
ഫാസിസം വീടിന് മുന്നില്‍ എത്തിയിട്ടും കായിക ലോകം നിശബ്ദരാകുന്നു. ക്രിക്കറ്റ് താരത്തിന്റെ വീട്ടില്‍ മൊട്ടുസൂചി മോഷ്ടിക്കപ്പെട്ടാല്‍ വാര്‍ത്തയാക്കുന്നവര്‍ ഫുട്‌ബോള്‍ താരത്തിന്റെ വീട് കത്തുമ്പോഴും മിണ്ടുന്നില്ലെന്നും വിനീത് പറഞ്ഞു.
മണിപ്പുരില്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരങ്ങളുടെ വീടുകളും നശിച്ചെന്ന് സി.കെ.വിനീത് പറഞ്ഞു. ആഴ്ചകള്‍ക്ക് മുന്‍പാണ് ആക്രമണം ഉണ്ടായതെന്ന് വിനീത് ട്വിറ്ററില്‍ കുറിച്ചു. കളിക്കാരും കുടുംബങ്ങളും കഴിയുന്നത് സുഹൃത്തുക്കളുടെ വീടുകളിലാണെന്നും വിനീത് പറയുന്നു.
മണിപ്പൂരില്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമിലുള്ള താരങ്ങളുടെ വീടുകളും പൂര്‍ണമായും തകര്‍ന്നു; ഇവരും കുടുംബവും സുഹൃത്തുക്കളുടെ വീടുകളില്‍ അഭയം തേടിയിരിക്കുകയാണ്. ഇത് സംഭവിച്ചിട്ട് ആഴ്ചകള്‍ കഴിഞ്ഞു. ഒരു മാധ്യമവും അതിനെക്കുറിച്ച് സംസാരിക്കുന്നില്ല- വിനീത് ട്വിറ്ററില്‍ കുറിച്ചു.