മഅദനിക്ക് ജാമ്യവ്യവസ്ഥകളിൽ ഇളവ്; കേരളത്തിലേക്ക് മടങ്ങാനും സുപ്രീം കോടതിയുടെ അനുമതി
മഅദനിക്ക് ജാമ്യവ്യവസ്ഥകളിൽ ഇളവ്; കേരളത്തിലേക്ക് മടങ്ങാനും സുപ്രീം കോടതിയുടെ അനുമതി
ന്യൂഡൽഹി: പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനിയുടെ ജാമ്യവ്യവസ്ഥകളിൽ ഇളവ് ചെയ്ത് സുപ്രീം കോടതി. ജാമ്യവ്യവസ്ഥയിൽ ഇളവ് വേണമെന്നാവശ്യപ്പെട്ട് മദനി നൽകിയ ഹർജി പരിഗണിച്ചാണ് സുപ്രീം കോടതിയുടെ നടപടി. കൊല്ലത്തേക്ക് മടങ്ങാനും, ജില്ല വിട്ട് പോകരുത് എന്ന നിബന്ധനയോടെയാണ് കോടതി ഇളവ് അനുവാദിച്ചത്. പതിനഞ്ച് ദിവസത്തിലൊരിക്കൽ വീടിനടുത്തുള്ള പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്നും കോടതി നിർദേശം നൽകി.
മഅദനിക്കെതിരായ കേസിൽ വിചാരണ നടപടികൾ പൂർത്തിയായ സാഹചര്യമാണെന്ന് സുപ്രീം കോടതി വിലയിരുത്തി. സാക്ഷി വിസ്താരമടക്കം പൂർത്തിയായതിനാൽ ഇനി മഅദനിയുടെ സാന്നിധ്യം കോടതിയിൽ ആവശ്യമില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് മഅദിനയുടെ ഹർജിയിലെ വാദങ്ങൾ കൂടി പരിഗണിച്ച് സുപ്രീം കോടതി ജാമ്യം ഇളവ് ചെയ്തിരിക്കുന്നത്.