മണിപ്പൂർ യൂണിവേഴ്സിറ്റി വിദ്യാർഥികളുടെ വിദ്യാഭ്യാസം ഉറപ്പാക്കണം
വംശീയ കലാപത്തെ തുടർന്ന് അനിശ്ചിതത്വത്തിലായ മണിപ്പൂർ യൂണിവേഴ്സിറ്റി വിദ്യാർഥികളുടെ വിദ്യാഭ്യാസം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എ എ റഹീം എം പി. ഇക്കാര്യം വിശദീകരിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന് എ എ റഹിം കത്തയച്ചു.
കലാപത്തെതുടർന്ന് മണിപ്പൂർ യൂണിവേഴ്സിറ്റിയുടെ അക്കാദമിക പ്രവർത്തനങ്ങൾ നിലച്ചിരിക്കുകയാണ്.ക്യാമ്പസിനകത്തും പുറത്തും വിദ്യാർത്ഥികൾ നിരവധിയായ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നു. അക്രമി സംഘങ്ങൾ സർവകലാശാലയുടെ ഹോസ്റ്റലിൽ കയറി വിദ്യാർത്ഥികളെ കയ്യേറ്റം ചെയ്യുകയും പഠനോപകരണങ്ങൾ അഗ്നിക്കിരയാക്കുകയും ചെയ്തുവെന്ന് കത്തിൽ ചൂണ്ടിക്കാട്ടി .
ഇന്റർനെറ്റ് വിച്ഛേദമടക്കമുള്ള കാരണങ്ങൾ മൂലം പഠനം തുടരാൻ പറ്റാത്ത സ്ഥിതിയാണുള്ളത്. ഇതേ തുടന്ന് നിരവധി വിദ്യാർത്ഥികൾ അവരവരുടെ സ്വന്തം സംസ്ഥാനങ്ങളിലും വീടുകളിലും അഭയം തേടിയിട്ടുണ്ട്.
വംശീയ കലാപം മൂലം താറുമാറായ വിദ്യാർഥികളുടെ വിദ്യാഭ്യാസം പുന: ക്രമീകരിക്കാനാവശ്യമായ എല്ലാ നടപടികൾ സ്വീകരിക്കണമെന്നും രാജ്യത്തെ മറ്റു കേന്ദ്ര സർവ്വകലാശാലകളിൽ അവർക്ക് വിദ്യാഭ്യാസം തുടരാനാവശ്യമായ സജീകരണങ്ങൾ നടത്തണമെന്നും എ എ റഹീം എം പി കത്തിലൂടെ ആവശ്യപ്പെട്ടു.