മഴ കുറഞ്ഞു പക്ഷെ ഒഴിയുന്നില്ല; വിവിധ ജില്ലകളിൽ മുന്നറിയിപ്പ്, നിശ്ചിത ഇടങ്ങളിൽ അവധി

Spread the love

സംസ്ഥാനത്ത് മഴയുടെ തീവ്രത കുറഞ്ഞുവെങ്കിലും മഴ ഭീഷണി പൂർണമായും ഒഴിയുന്നില്ല. അടുത്ത നാലു ദിവസം മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. ഇത് കണക്കിലെടുത്ത് വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഈ മാസം 14 ാം തിയതിവരെ വിവിധ ദിവസങ്ങളിൽ വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. ഇന്ന് 5 ജില്ലകളിലാണ് ജാഗ്രത നിർദ്ദേശം. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത്. നാളെ ആറ് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് വിവിധ ജില്ലകളിൽ നിശ്ചിത ഇടങ്ങളിൽ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി നൽകിയിരിക്കുന്നത്. കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് ബുധനാഴ്ച (2023 ജൂലൈ 12) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ വി. വിഗ്നേശ്വരി ഉത്തരവായി. പത്തനംതിട്ട ജില്ലയിൽ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് (12/07/2023, ബുധൻ) അവധിയായിരിക്കും

കുട്ടനാട് താലൂക്കിൽ വിവിധ പാടശേഖരങ്ങളിൽ മടവീഴ്ച മൂലം നിലവിൽ ഏകദേശം പൂർണ്ണമായും വെളളക്കെട്ട് രൂക്ഷമായ സാഹചര്യത്തിലും താലൂക്കിലെ മിക്ക സ്കൂളുകളിലും ക്യാമ്പുകൾ പ്രവർത്തിച്ചു വരുന്നതിനാലും (12/07/2023, ബുധൻ) കുട്ടനാട് താലൂക്കിൽ സ്കൂളുകൾക്കും പ്രൊഫഷണൽ കോളേജുകൾക്കും ട്യൂഷൻ സെൻററുകൾക്കും അംഗൻവാടികൾക്കും ഉൾപ്പെടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കും കൂടാതെ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവായി. മുൻ നിശ്ചയിച്ച പ്രകാരമുള്ള പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കുന്നതല്ല.

മഴ മുന്നറിയിപ്പ്;

12-07-2023: ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്
13-07-2023: എറണാകുളം, ഇടുക്കി, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്
14-07-2023: ഇടുക്കി, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

ഉയർന്ന തിരമാല ജാഗ്രത നിർദേശം

കേരള തീരത്ത് 12-07-2023 വൈകിട്ട് 05.30 വരെ 0.8 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനുംസാധ്യതയുണ്ടെന്നും ആയതിന്റെ വേഗത സെക്കൻഡിൽ 15 cm നും 40 cm നും ഇടയിൽ മാറി വരുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കുക

1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കുക.

Leave a Reply

Your email address will not be published. Required fields are marked *