സംസ്ഥാനത്ത് കാലവർഷം തുടരും ; ജില്ലകളിൽ യെല്ലോ അലർട്ട്, നിശ്ചിത ഇടങ്ങളിൽ അവധി
സംസ്ഥാനത്ത് അതിതീവ്ര മഴ കുറഞ്ഞുവെങ്കിലും കാലവർഷം തുടരുമെന്ന് അറിയിപ്പ്. അടുത്ത നാല് ദിവസങ്ങളിലും കേരളത്തിലെ വിവിധ ജില്ലകളിൽ മഴ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ ഏറ്റവും പുതിയ അറിയിപ്പ്. വിവിധ ജില്ലകളിൽ 14 ാം തീയതിവരെ മഴ മുന്നറിയിപ്പുണ്ട്.
പത്തനംതിട്ട ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് (11/7/2023) അവധി പ്രഖ്യാപിച്ചു. എന്നാൽ ഇവിടങ്ങളിലെ പൊതു പരീക്ഷകൾക്കും സർവകലാശാല പരീക്ഷകൾക്കും മാറ്റമുണ്ടാകില്ലെന്നും കളക്ടർ വ്യക്തമാക്കി.കുട്ടനാട് താലൂക്കിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നത്തേക്ക് അവധി പ്രഖ്യാപിച്ച് നേരത്തെ തന്നെ ജില്ലാ കളക്ടർ ഉത്തരവിട്ടിരുന്നു.
ഇന്ന് (11/07/2023, ചൊവ്വാഴ്ച) കുട്ടനാട് താലൂക്കിൽ സ്കൂളുകൾക്കും പ്രൊഫഷണൽ കോളേജുകൾക്കും ടൂഷൻ സെൻററുകൾക്കും അംഗൻവാടികൾക്കും ഉൾപ്പെടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചാണ് ഉത്തരവ്. മുൻ നിശ്ചയിച്ച പ്രകാരമുള്ള പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കുന്നതല്ലെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
വിവിധ ജില്ലകളിലെ മഴ മുന്നറിയിപ്പ്;
11-07-2023: ഇടുക്കി, കണ്ണൂർ, കാസർഗോഡ്
12-07-2023: ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്
13-07-2023: തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്
14-07-2023: ഇടുക്കി, കണ്ണൂർ, കാസർഗോഡ്
മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം
കേരള – കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ 12-07-2023 മുതൽ 14-07-2023 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
12-07-2023: വടക്കൻ കേരള- കർണാടക തീരങ്ങൾ, ലക്ഷദ്വീപ് പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.
13-07-2023 മുതൽ 14-07-2023 വരെ: കേരള- കർണാടക തീരങ്ങൾ, ലക്ഷദ്വീപ് പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത. മേൽപ്പറഞ്ഞ തീയതിയിലും പ്രദേശത്തും മത്സ്യബന്ധനത്തിന് പോകുവാൻ പാടുള്ളതല്ല.