ബിജെപി എംപി ബ്രിജ് ഭൂഷണ്‍ കുറ്റക്കാരനെന്ന് ഡല്‍ഹി പൊലീസ്;

Spread the love

ലൈംഗികാതിക്രമ ആരോപണ കേസില്‍ ബിജെപി എംപിയും റെസിലിങ് ഫെഡറേഷന്‍ മുന്‍ പ്രസിഡന്റുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ് കുറ്റം ചെയ്തതായി ഡല്‍ഹി പൊലീസ്. ഇതുവരെയുള്ള അന്വേഷണത്തില്‍ ഗുസ്തി താരങ്ങളുടെ പരാതി ശരിയെന്ന് തെളിഞ്ഞെന്നാണ് ഡല്‍ഹി പൊലീസ് കുറ്റപത്രത്തില്‍ പറയുന്നത്. ഗുസ്തി താരങ്ങള്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തി, അവരെ അപമാനിച്ചിട്ടുണ്ട്. ബ്രിജ് ഭൂഷണ്‍ പ്രോസിക്യൂട്ട് ചെയ്യപ്പെടാനും ചെയ്ത കുറ്റങ്ങളില്‍ ശിക്ഷിക്കപ്പെടാനും ബാധ്യസ്ഥനാണെന്നും കുറ്റപത്രത്തില്‍ ചൂണ്ടിക്കാണിക്കുന്നുവെന്ന് ഇന്ത്യന്‍ എക്‌സ്പ്രസാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഒരു താരം തുടര്‍ച്ചയായി അതിക്രമം നേരിടേണ്ടി വന്നുവെന്നും ചാര്‍ജ് ഷീറ്റില്‍ പറയുന്നുണ്ട്. ജൂണ്‍ 13ന് രേഖപ്പെടുത്തിയ കുറ്റപത്രത്തിലാണ് ബ്രിജ് ഭൂഷണിനെതിരെ സെക്ഷന്‍ 506ഉം 354 ഉം പൊലീസ് ചാര്‍ത്തിയിട്ടുള്ളത്. ക്രിമിനല്‍ ഭീഷണിപ്പെടുത്തലും സ്ത്രീത്വത്വ അപമാനിക്കലുമാണ് ഈ വകുപ്പുകള്‍. ഒപ്പം 354 എ ലൈംഗികാതിക്രമം, 354 ഡി (പിന്തുടര്‍ന്ന് അസ്വസ്ഥതപ്പെടുത്തുക ) എന്നിവയും കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട് ഡല്‍ഹി പൊലീസ്.

ആറു കേസുകളില്‍ രണ്ടെണ്ണം 354,354 എ, 354 ഡി എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. നാലെണ്ണത്തില്‍ 354,354 എ എന്നിവയാണ് വകുപ്പുകള്‍. ഇതുപ്രകാരം അഞ്ചുകൊല്ലം വരെ ബിജെപി എംപിക്ക് തടവ് ശിക്ഷ ഭിക്കാം.

കേസുമായി ബന്ധപ്പെട്ട് 108 സാക്ഷികളോട് അന്വേഷണസംഘം സംസാരിച്ചതായും ഇതില്‍ നിന്നാണ് ഇതുവരെ ഉള്ള അന്വേഷണത്തില്‍ ബ്രിജ് ഭൂഷണ്‍ കുറ്റക്കാരനെന്ന് ഡല്‍ഹി പൊലീസ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഗുസ്തി താരങ്ങള്‍ ബിജെപി എംപിക്കെതിരായി ഡല്‍ഹിയില്‍ സമരം നടത്തിയിരുന്നെങ്കിലും പൊലീസിനെ ഉപയോഗിച്ച് താരങ്ങളെ അടിച്ചമര്‍ത്തുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തത്. ബിജെപിയുടെ ഉത്തര്‍പ്രദേശിലെ അതികായനായ നേതാവും മാഫിയ തലവനുമായ ബ്രിജ് ഭൂഷണെ തൊടാന്‍ ബിജെപി തയ്യാറല്ലായിരുന്നു.

ബ്രിജ് ഭൂഷണെതിരെ നിരവധി വനിതാ താരങ്ങളാണു ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നത്. ഒളിംപ്യന്‍ ബജ്രംഗ് പുനിയ, സാക്ഷി മാലിക്, വിനേഷ് ഫോഗട്ട് എന്നിവരുടെ നേതൃത്വത്തില്‍ ജന്തര്‍മന്തറില്‍ ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് സമരം ആഴ്ചകള്‍ പിന്നിട്ടും കേന്ദ്രസര്‍ക്കാര്‍ കണ്ടതായി നടിച്ചിരുന്നില്ല. ഒടുവില്‍ ഗുസ്തി താരങ്ങള്‍ കോടതിയെ സമീപിക്കുകയായിരുന്നു.

ലൈംഗികാതിക്രമ ആരോപണവുമായി ബന്ധപ്പെട്ട് ബ്രിജ് ഭൂഷണിനോട് ഹാജരാകാന്‍ കോടതി ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ജൂലൈ 18നു ഹാജരാകാനാണു ഡല്‍ഹി റോസ് അവന്യു കോടതിയുടെ നിര്‍ദേശം. വനിതാ ഗുസ്തിതാരങ്ങളുടെ ശരീരത്തില്‍ മോശമായ രീതിയില്‍ സ്പര്‍ശിച്ചു, തികച്ചും സ്വകാര്യമായ ചോദ്യങ്ങള്‍ ചോദിച്ചു, ലൈംഗികാവശ്യങ്ങള്‍ ഉന്നയിച്ചു എന്നിവയാണ് ബ്രിജ് ഭൂഷണെതിരായ ആരോപണങ്ങള്‍.

ഭൂഷണെതിരായ നടപടി തുടരുന്നതിനുള്ള നിരവധി തെളിവുകളുണ്ടെന്നു കോടതി വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ജൂണ്‍ 15നു ബ്രിജ് ഭൂഷണെതിരെ ഡല്‍ഹി പട്യാല കോടതിയില്‍ ഡല്‍ഹി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെയാണ് കോടതി നടപടി. ഈ കുറ്റപത്രത്തിലെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *