കത്തിക്കയറി തക്കാളിവില, വിലക്കയറ്റം രൂക്ഷമാകുന്നു,

Spread the love

രാജ്യത്ത് വിലക്കയറ്റം രൂക്ഷമാകുകയാണ്. നിത്യോപയോഗസാധനളുടെയെല്ലാം വിലയിൽ വർധനവ് ഉണ്ടായിട്ടുണ്ട്. അതിൽ തന്നെ പച്ചക്കറികൾക്ക് ഇപ്പോൾ തീവിലയാണ്. സർവ്വകാല റെക്കോഡിലേക്ക് കത്തിക്കയറി നിൽക്കുകയാണ് തക്കാളിയുടെ വില. തക്കാളി വില കുതിച്ചുയരുന്നതിന് പിന്നാലെ മധ്യപ്രദേശില്‍ വമ്പന്‍ ഓഫറുകളുമായി സ്ഥാപനങ്ങള്‍ മുന്നോട്ടു വന്നിരിക്കുകയാണ്.

സ്മാര്‍ട്ട്ഫോണ്‍ വാങ്ങുന്നവര്‍ക്ക് തക്കാളി സൌജന്യമായി നല്‍കുന്നതാണ് മധ്യപ്രദേശിലെ അശോക് നഗറിലെ കച്ചവടക്കാരനായ അഭിഷേക് അഗര്‍വാള്‍. 2 കിലോ തക്കാളിയാണ് സമ്മാനം. വിചാരിച്ചതുപോലെ തന്നെ ഓഫർ കച്ചവടത്തിന് സഹായിച്ചെന്നാണ് അഭിഷേക് പറയുന്നത്.

അതേ സമയം പച്ചക്കറി ഏറെ വിലപിടിച്ചതായതോടെ സുരക്ഷാ പ്രശ്നങ്ങൾ വരെ പലയിടത്തും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വാരണാസിയിൽ പച്ചക്കറി കടയില്‍ വിലയുടെ പേരില്‍ വാക്കേറ്റം പതിവായതോടെ കടയുടെ സംരക്ഷണത്തിനായി കടയുടമ ബൗണ്‍സറെ നിയമിച്ചു. അജയ് ഫൌജി എന്നയാളാണ് വിലക്കയറ്റം പിടിതരാതെ പോകുമ്പോള്‍ അറ്റകൈ പ്രയോഗം നടത്തിയത്.

കിലോയ്ക്ക് 160 രൂപയ്ക്കാണ് ഇവിടെ തക്കാളി വില്‍ക്കുന്നത്. രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും തീവിലയ്ക്കാണ് തക്കാളി വില്‍ക്കുന്നത്. ശരാശരി വില നൂറ് കടന്നിട്ട് നാളുകള്‍ ഏറെയായിട്ടുണ്ട്. ദില്ലിയില്‍ 127, ലക്നൌവില്‍ 147, ചെന്നൈയില്‍ 105, ദിബ്രുഗഡില്‍ 105 എന്നിങ്ങനെയാണ് തക്കാളി വില.

വിലകുതിച്ചുയരുനന സാഹചര്യത്തിൽ രൂക്ഷമായ പച്ചക്കറിക്ഷാമവും ദക്ഷിണേന്ത്യയിൽ റിപ്പോർട്ട് ചെയ്തു തുടങ്ങിയിരിക്കുന്നു. തമിഴ്നാട്ടിലേയും കര്‍ണാടകത്തിലേയും കൃഷി നാശം മൂലം കേരളത്തിൽ തക്കാളിയും ഇഞ്ചിയും കിട്ടാനില്ല. ഒരു മാസത്തോളം ഈ പ്രതിസന്ധി തുടരുമെന്നാണ് പച്ചക്കറി മൊത്തവിതരണക്കാര്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *