അതി തീവ്രമഴയിൽ ആശങ്ക വേണ്ടെന്ന് അറിയിച്ച് സർക്കാർ;
കേരളത്തിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ആശങ്ക വേണ്ടെന്നറിയിച്ച് മുന്നോട്ടു വന്നിരിക്കുകയാണ് സംസ്ഥാന സർക്കാർ. ഇന്ന് ചേരുന്ന മന്ത്രി സഭാ യോഗം നിലവിലെ സാഹചര്യം ചർച്ച ചെയ്യും.മഴക്കെടുതി നേരിടാനുള്ള നിർദേശം ഇതിനകം കളക്ടർമാർക്ക് കൈമാറിയിട്ടുണ്ട്.
പൊതുജനങ്ങൾ മുന്നറിയിപ്പുകൾ കൃത്യമായി പാലിക്കണം എന്ന നിർദേശം ആണ് സർക്കാർ നൽകിയിരിക്കുന്നത്. അതേ സമയം നിയമസഭ പാസാക്കിയ ബില്ലുകളിൽ ഗവർണ്ണർ ഒപ്പിടാത്ത സാഹചര്യത്തിൽ നിയമ നടപടി സർക്കാർ ആലോചിക്കുന്നുണ്ട്. സുപ്രീം കോടതിയെ സമീപിക്കുവാനാണ് നീക്കം എന്നാണ് സൂചന.
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രങ്ങൾ അറിയിക്കുന്നത്. 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കൊല്ലത്ത് യെല്ലോ അലർട്ടാണ്. തിരുവനന്തപുരത്ത് പ്രത്യേക മഴ മുന്നറിയിപ്പില്ല. പമ്പ, മണിമലയാർ, മീനച്ചിലാർ എന്നിവിടങ്ങളിൽ ജലനിരപ്പ് ഉയർന്നിരുന്നു. കൊച്ചിയിലും കോഴിക്കോടും പൊന്നാനിയിലും കടലാക്രമണം രൂക്ഷമാണ്.
സംസ്ഥാനത്ത് മഴക്കെടുതിയിൽ രണ്ട് പേർ മരിച്ചതായി റിപ്പോർട്ട്. പാലക്കാട് വടക്കഞ്ചേരിയിൽ തെങ്ങ് വീണ് ആദിവാസി സ്ത്രീ മരിച്ചു. തൃശ്ശൂർ അരിപ്പാലത്ത് തോട്ടില്‍ കാല്‍ വഴുതി വീണ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. കോഴിക്കോട് ഇരുവഞ്ഞി പുഴയിൽ ഒഴുക്കിൽപ്പെട്ട് കൊടിയത്തൂർ കാരക്കുറ്റി സ്വദേശി സി കെ ഹുസൈൻ കുട്ടി എന്നയാളെ കാണാതായി. തോട്ടപ്പള്ളിയിൽ പൊഴി മുറിക്കുന്നതിനിടെ കാണാതായ ഇതര സംസ്ഥാന തൊഴിലാളിക്കായി തിരച്ചിൽ തുടരുകയാണ്.