നായികയാക്കാം എന്നു വാഗ്ദാനം ; യുവനടിയിൽ നിന്ന് 27 ലക്ഷം തട്ടിയ നിർമ്മാതാവ് അറസ്റ്റിൽ
കൊച്ചിയിൽ സിനിമയിൽ നായികയാക്കാം എന്ന വാഗ്ദാനം നൽകി പണം തട്ടിച്ച കേസിൽ നിർമ്മാതാവ് അറസ്റ്റിൽ. യുവനടിയിൽ നിന്നു 27 ലക്ഷം രൂപ തട്ടിയെടുത്ത സിനിമ നിർമാതാവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം കീഴുപറമ്പ് സ്വദേശി എം.കെ. ഷക്കീറിനെയാണു (46) പാലാരിവട്ടം പൊലിസ് പിടികൂടിയത്.
തമിഴ് സിനിമയിൽ നായികയാക്കാം എന്നു പറഞ്ഞു കടമായി പണം കൈപ്പറ്റി പിന്നീട് തിരിച്ചു നൽകാതിരിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ചു പൊലീസ് പറയുന്നത് ഇങ്ങനെയാണ് സിനിമ നിർമാതാവായ പ്രതി തൃക്കാക്കര സ്വദേശിയായ യുവനടിയെ നായികയാക്കി രാവണാസുരൻ’ എന്ന തമിഴ് സിനിമ നിർമിക്കാൻ തീരുമാനിച്ചിരുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു കുറച്ചു ദിവസങ്ങൾക്കകം സാമ്പത്തിക പ്രയാസമുണ്ടെന്നും അതു മൂലം ഷൂട്ടിങ് മുടങ്ങുമെന്നും ഇയാൾ യുവതിയെ വിശ്വസിപ്പിക്കുകയായിരുന്നു.
തുടർന്നു ഷൂട്ടിങ് മുടങ്ങാതിരിക്കാൻ 4 മാസത്തിനുള്ളിൽ തിരികെ നൽകാമെന്നു കരാർ എഴുതി പല തവണകളിലായി 27 ലക്ഷംരൂപ യുവതി ഇയാൾക്കു നൽകുകയായിരുന്നു. എന്നാൽ പിന്നീട് ഇവരെ സിനിമ യിൽ നിന്ന് ഒഴിവാക്കി. പണം തിരികെ ആവ ശ്യപ്പെട്ടപ്പോൾ ആദ്യം ചെക്കുകൾ നൽകിയെങ്കിലും അത് അക്കൗണ്ടിൽ പണമില്ലാതെ മടങ്ങുകയായിരുന്നു.
പിന്നീട് ഇയാൾ സിനിമ ഷൂട്ടിംഗ് തുടർന്നില്ല. കരാർ കാലാവധി കഴിഞ്ഞതോടെ പണം തിരികെ ആവശ്യപ്പെട്ട യുവതിയെ ഫോണിലൂടെ നിരന്തരം ഭീഷണിപ്പെടുത്തുകയും ലൈംഗിക ചുവയുള്ള സന്ദേശങ്ങൾ അയയ്ക്കുകയും ചെയ്തു. യുവതി പരാതി നൽകിയതിനെ തുടർന്നു സൈബർ സെല്ലിന്റെ സഹായത്തോടെയാണ് ഷക്കീറിനെ കണ്ടെത്തിയത്. പാലാരിവട്ടം ഇൻസ്പെക്ടർ ജോസഫ് സാജന്റെ നേതൃത്വത്തിലുള്ള സംഘം കോഴിക്കോടു നിന്നാണു പ്രതിയെ പിടികൂടിയത്.