മറുനാടൻ മലയാളി ഓൺലൈന്റെ പ്രവർത്തനം നിലച്ചു. ഓഫിസിലെ കംപ്യൂട്ടറുകളും ക്യാമറകളും പൊലീസ് പിടിച്ചെടുത്തു
തിരുവനന്തപുരം : മറുനാടൻ മലയാളി ഓൺലൈന്റെ പ്രവർത്തനം നിലച്ചു. ഓഫിസിലെ കംപ്യൂട്ടറുകളും ക്യാമറകളും പൊലീസ് പിടിച്ചെടുത്തു. 25 കംപ്യൂട്ടറുകളും നാല് ലാപ് ടോപ്പുകളുമാണ് പിടിച്ചെടുത്തത്. മറുനാടൻ മലയാളിയുടെ മുഴുവൻ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചു. ഓഫിസിൽ എത്തരുതെന്ന് ജീവനക്കാർക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ്. മറുനാടൻ മലയാളിയുടെ എഡിറ്റർ ഷാജൻ സ്കറിയ ഇപ്പോഴും ഒളിവിലാണ്. ഇയാളെ ഇതുവരെ കണ്ടെത്താൻ പൊലീസിനായിട്ടില്ല.
വ്യാജവാർത്താ കേസിൽ ഷാജൻ സ്കറിയയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. എത്രയും വേഗം കീഴടങ്ങണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു. ഷാജൻ സ്കറിയയ്ക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായി സ്ഥാപനത്തിന്റെ കൊച്ചി ഓഫിസിലും ജീവനക്കാരുടെ വീടുകളിലും പൊലീസ് റെയ്ഡ് നടത്തിയിരുന്നു. സംസ്ഥാന വ്യാപകമായാണ് ജീവനക്കാരുടെ വീടുകളിൽ റെയ്ഡ് നടത്തിയത്.
വ്യാജവാര്‍ത്ത നല്‍കി തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്നുവെന്ന പി വി ശ്രീനിജിന്‍ എംഎല്‍എയുടെ പരാതിയിലാണ് പട്ടികജാതി അതിക്രമം തടയല്‍, ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകൾ എന്നിവപ്രകാരം പൊലീസ് ഷാജനെതിരെ കേസെടുത്തത്. ഇതിന് പിന്നാലെ ഷാജന്‍ മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിക്കുകയായിരുന്നു. ഷാജന്‍ സ്കറിയ നടത്തുന്നത് മാധ്യമ പ്രവര്‍ത്തനമല്ലെന്ന് കേസിൽ വാദം കേള്‍ക്കുമ്പോൾ കോടതി വിമർശിച്ചിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധിവരുന്നതുവരെ അറസ്റ്റ് തടയണമെന്ന ഷാജന്‍റെ ആവശ്യവും കോടതി നിരസിച്ചിരുന്നു. ഇതോടെയാണ് ഷാജൻ ഒളിവിൽപ്പോയത്.