ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോട്ടയത്തിന് പുറമെ ഇടുക്കിയും പത്തനംതിട്ടയും കൂടി ആവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ് (എം)

Spread the love

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോട്ടയത്തിന് പുറമെ ഇടുക്കിയും പത്തനംതിട്ടയും കൂടി ആവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ് (എം) ജോസ് കെ. മാണി വിഭാഗം. ഈ മൂന്നു സീറ്റുകളില്‍ തങ്ങള്‍ക്ക് ശക്തിയുണ്ടെന്നും രണ്ട് സീറ്റുകള്‍ കൂടി നല്‍കണമെന്നും എല്‍.ഡി.എഫ് കണ്‍വീന റോട് ആവശ്യപ്പെട്ടിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുക്കുന്നതിന് മുമ്പ് തന്നെ ഇക്കാര്യത്തില്‍ മുന്നണിയില്‍ സമ്മര്‍ദ്ദം ചെലുത്താനാണ് ജോസ് കെ മാണിയുടെ തീരുമാനം.

എന്നാല്‍ ഈ അവകാശവാദത്തെ സി.പി.എമ്മും സി.പി.ഐയും ഒരുപോലെ എതിര്‍ക്കുമെന്നതില്‍ സംശയമില്ല.അധിക സീറ്റിന്റെ കാര്യം അറിയിക്കേണ്ടവരെ അറിയിച്ചിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം കോട്ടയത്ത് നടന്ന സ്റ്റിയറിംഗ് കമ്മിറ്റിയില്‍ ജോസ് കെ മാണി വ്യക്തമാക്കിയിരുന്നു.ഇതിനിടെ കോട്ടയത്ത് സിറ്റിംഗ് എം.പിയെ മാറ്റി പകരം ആളെ ഇറക്കണമെന്ന ആവശ്യം പാര്‍ട്ടിക്കകത്തും ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. തദ്ദേശതെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പായിരുന്നു മാണി കോണ്‍ഗ്രസിന്റെ ഇടതുമുന്നണി പ്രവേശം. യു.ഡി.എഫില്‍ നിന്ന് പുറത്തായി പകച്ച് നിന്നപ്പോള്‍ ചര്‍ച്ച നടത്തിയത് അന്നത്തെ കോട്ടയം ജില്ലാ സെക്രട്ടറി വിഎന്‍ വാസവന്‍ ആയിരുന്നു. വലിയ അവകാശവാദങ്ങളൊന്നും മുന്നോട്ടു വെക്കാതെയാണ് ജോസ് കെ മാണിയും കൂട്ടരും എല്‍.ഡി.എഫില്‍ ചേര്‍ന്നത്.

ജോസ് കെ മാണിയുടെ വരവില്‍ സി.പി.ഐ അടക്കമുള്ള ഇടതുമുന്നണിയിലെ കക്ഷികള്‍ക്ക് താല്‍പര്യം ഉണ്ടായിരുന്നില്ല.തദ്ദേശ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും കഴിഞ്ഞ് ലോക്‌സഭയിലേക്ക് എത്തുമ്പോള്‍ ഇനിയും അവകാശം ചോദിച്ച് വാങ്ങാന്‍ വൈകിയെന്ന വിലയിരുത്തലിലാണ് കേരളകോണ്‍ഗ്രസിപ്പോള്‍. നിലവിലുള്ളത് കോട്ടയം മാത്രം. ഇടുക്കിയും പത്തനംതിട്ടയും കൂടി ചോദിച്ച് രണ്ടിലൊന്നെങ്കിലും വാങ്ങിയെടുക്കാനുറപ്പിച്ചാണ് കരുനീക്കങ്ങള്‍. പത്തനംതിട്ട പാര്‍ലമെന്റ് പരിധിയില്‍ മാത്രം മൂന്ന് എം.എല്‍.എമാര്‍ കേരളാ കോണ്‍ഗ്രസിനുണ്ട്. കാഞ്ഞിരപ്പള്ളിയും റാന്നിയും പൂഞ്ഞാറും ഒപ്പം ഇടത് സ്വാധീന മേഖലയായ ആറന്‍മുളയും അടക്കം ഉയര്‍ത്തിക്കാട്ടിയാണ് അവകാശവാദം.

Leave a Reply

Your email address will not be published. Required fields are marked *