മറുനാടന്‍ മലയാളിയുടെ മാധ്യമ പ്രവര്‍ത്തനമെന്നാല്‍ അപമാനിക്കലും അപകീര്‍ത്തിപ്പെടുത്തലുമാണെന്ന് ഹൈക്കോടതി
കൊച്ചി: മറുനാടന്‍ മലയാളിയുടെ മാധ്യമ പ്രവര്‍ത്തനമെന്നാല്‍ അപമാനിക്കലും അപകീര്‍ത്തിപ്പെടുത്തലുമാണെന്ന് ഹൈക്കോടതി. മറുനാടന്‍ മലയാളി യൂട്യൂബ് ചാനലുടമ ഷാജന്‍ സ്‌കറിയയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ വിധിയിലാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിമര്‍ശനം.
മാധ്യമ പ്രവര്‍ത്തകരെ മാധ്യമ പ്രവര്‍ത്തനത്തില്‍ മുന്നോട്ട് നയിക്കാനാണ് നാല് ഡബ്ല്യൂ (W) ഉപയോഗിക്കുന്നത്. ഇത് വാര്‍ത്തയുടെ കൃത്യതയും പൂര്‍ണ്ണതയും ഉറപ്പുവരുത്തും. നാല് ഡബ്ല്യൂവും ഒരു എച്ചും (H) മാധ്യമ പ്രവര്‍ത്തകര്‍ വിവര ശേഖരണത്തിനായി ഉപയോഗിക്കുന്നു. എന്നാല്‍ മറുനാടന്‍ മലയാളി യൂട്യൂബ് ചാനലിലെ വീഡിയോ വഴി നാല് ഡബ്ല്യൂവിന് പകരം നാല് ഡി (D) (അപമാനിക്കലും അപകീര്‍ത്തിപ്പെടുത്തലും നശിപ്പിക്കലും തകര്‍ക്കലും) ആണ് ഉപയോഗിക്കുന്നതെന്നും ഹൈക്കോടതി വിധിയില്‍ പറയുന്നു.
മറുനാടന്‍ മലയാളി യൂട്യൂബ് ചാനലിലൂടെ ഷാജന്‍ സ്‌കറിയ പ്രസിദ്ധീകരിച്ച വീഡിയോ അധിക്ഷേപവും അപമാനിക്കുന്നതും ആണെന്ന് സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചു. പരാതിയിലെ ആക്ഷേപങ്ങളും സാഹചര്യങ്ങളും മാത്രമാണ് ഇപ്പോള്‍ പരിശോധിക്കുന്നത്. പരാതിക്കാരന്‍ ദളിത് വിഭാഗത്തില്‍ നിന്നുള്ള വ്യക്തിയാണെന്ന് അറിഞ്ഞുകൊണ്ടാണ് ഷാജന്‍ സ്‌കറിയ നിരന്തരം അധിക്ഷേപവും അപമാനവും സൃഷ്ടിച്ചത്. ഷാജന്‍ സ്‌കറിയയ്ക്ക് എതിരെ ദളിത് പീഡന നിരോധന നിയമം അനുസരിച്ചുള്ള വകുപ്പ് പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്നും കോടതി നിരീക്ഷിച്ചു.
എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഒന്നാം പ്രതിയായ ഷാജന്‍ സ്‌കറിയ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. എന്നാല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം വര്‍ഗീസ് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. ഇതിന്മേല്‍ അപ്പീലുമായാണ് ഷാജന്‍ സ്‌കറിയ ഹൈക്കോടതിയെ സമീപിച്ചത്.
മറുനാടന്‍ മലയാളിയിലൂടെ ഷാജന്‍ സ്‌കറിയ നടത്തുന്നത് മാധ്യമ പ്രവര്‍ത്തനം അല്ലെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കവെ ഹൈക്കോടതി ആവര്‍ത്തിച്ചു. ഷാജന്‍ സ്‌കറിയ മനഃപൂർവം വ്യക്തികളെ അവഹേളിക്കുന്നുവെന്നും മറ്റുള്ളവര്‍ക്ക് ഉപദ്രവം ഉണ്ടാക്കിയാണ് ജീവിക്കുന്നത് എന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ കോടതിയില്‍ നിലപാടെടുത്തു.
ഒരു വ്യക്തിയും അപമാനം, ഭീഷണി എന്നിവ നേരിടാന്‍ പാടില്ല. ഷാജന്‍ സ്‌കറിയ പരാതിക്കാരനെ നിരന്തരം അപമാനിച്ചതിന് തെളിവുണ്ട്. ഷാജന്‍ സ്‌കറിയ ഒരു ആശ്വാസവും അര്‍ഹിക്കുന്നില്ലെന്നും പ്രോസിക്യൂഷന്‍ വാദമുയര്‍ത്തി. മറുനാടന്‍ മലയാളി വീഡിയോ ദളിത് പീഡന വിരുദ്ധ നിയമത്തിന്റെ പരിധിയില്‍ വരില്ലെന്നും അറസ്റ്റ് തടയണമെന്നുമുള്ള ഷാജന്‍ സ്‌കറിയയുടെ വാദത്തെ എതിര്‍ത്താണ് പ്രോസിക്യൂഷന്‍ ഈ നിലപാട് എടുത്തത്.
പി വി ശ്രീനിജന്‍ എംഎല്‍എ നല്‍കിയ പരാതിയിന്മേല്‍ എറണാകുളം എളമക്കര പൊലീസ് ആണ് കേസെടുത്തത്. ദളിത് പീഡന നിരോധന നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകള്‍ അനുസരിച്ചാണ് കേസെടുത്തത്. കേസില്‍ ഷാജന്‍ സ്‌കറിയ ഒന്നാം പ്രതിയാണ്. ആന്‍ മേരി ജോര്‍ജ്ജ് രണ്ടും റിജു മൂന്നാം പ്രതിയുമാണ്.