‘ഓസ്‌ലർ’ തന്റെ വലിയൊരു തിരിച്ചുവരവാകും : ജയറാം
മലയാള സിനിമയിൽ ഒരുപിടി നല്ല സിനിമകൾ സമ്മാനിച്ച് മലയാളികളുടെ പ്രിയ കുടുംബ നായകനായി മാറിയ നടനാണ് ജയറാം. താരത്തെ കഴിഞ്ഞ കുറച്ച വർഷങ്ങളായി മലയാള സിനിമയിൽ കാണാൻ സാധിച്ചിരുന്നില്ല. എന്നാൽ തെലുങ്കിലും തമിഴിലും നിരവധി അവസരങ്ങൾ ലഭിക്കുകയും ചില ഹിറ്റ് ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തു.
മലയാള സിനിമയിൽ മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് 2022-ൽ മകൾ എന്ന സത്യൻ അന്തിക്കാട് ചിത്രത്തിലൂടെ തിരികെയെത്തിയത്. ജയറാമിന്റെ കരിയറില്‍ തന്നെ ആദ്യമായിട്ടായിരിക്കും മലയാള സിനിമയില്‍ നിന്ന് ഇത്രയും കാലം മാറി നിന്നത്. കഴിഞ്ഞ ഒന്നരവര്‍ഷമായി മലയാള സിനിമയില്‍നിന്ന് ഇടവേള മനഃപൂർവമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടന്‍ ജയറാം.
നല്ലൊരു പ്രൊജക്ടിനുവേണ്ടി മനഃപൂർവം എടുത്ത ഇടവേളയാണ് ഇത്. ആ കാത്തിരിപ്പ് വെറുതെയായില്ല എന്നും അദ്ദേഹം പറഞ്ഞു. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന എബ്രഹാം ഓസ്‌ലർ എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് ശക്തമായ തിരിച്ചുവരവിനായി ഒരുങ്ങുകയാണ് ജയറാം.
മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ‘എബ്രഹാം ഓസ്‌ലർ ‘ തനിക്ക് വളരെ പ്രതീക്ഷ നൽകുന്ന സിനിമയാണെന്നും മലയാള സിനിമയിൽ തന്റെ വലിയൊരു തിരിച്ചുവരവാകും ഈ സിനിമ എന്നും ജയറാം പറഞ്ഞു. പാലക്കാട് നടന്ന ഒരു പൊതുപരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്.