കുറ്റ സമ്മതം നടത്തി അനിയന് മിഥുന്
ബിഗ് ബോസ് സീസണ് 5ല്‍ ജീവിത ഗ്രാഫ് എന്ന സെക്ഷനില്‍ താന്‍ പറഞ്ഞ പ്രണയകഥ വ്യാജമാണെന്ന് സമ്മതിച്ച് അനിയന് മിഥുന്. പ്രേക്ഷകരോടും ഇന്ത്യന്‍ ആര്‍മിയോടും മിഥുന് ക്ഷമ ചോദിച്ചു. കഴിഞ്ഞ ദിവസം നടന്ന ‘ബിബി അവാര്‍ഡ്സ്’ വേദിയില്‍ വെച്ചാണ് താന്‍ പറഞ്ഞ കഥയുടെ വാസ്തവം മിഥുന് വിശദീകരിച്ചത്. ഫിനാലെയ്ക്ക് മുന്നോടിയായി പുറത്തുപോയ മത്സരാര്‍ത്ഥികള്‍ എല്ലാം കഴിഞ്ഞ ദിവസം ഹൗസിലേക്ക് തിരിച്ചെത്തിയിരുന്നു.
പുറത്ത് പോയപ്പോഴാണ് ഈ വിഷയം ഇത്രത്തോളം രൂക്ഷമായി കത്തിക്കയറി എന്ന് അറിയുന്നത്. സൈബര്‍ ആക്രമണം ഉണ്ടായി. എന്റെ സുഹൃത്തുക്കളെയും വീട്ടുകാരെയും ഇത് വിഷമിപ്പിച്ചു. ആ കഥയില്‍ ഞാന്‍ ഇന്ത്യന്‍ ആര്‍മിയുടെ പേര് എടുത്തിട്ടത് വളരെയധികം പ്രശ്നമായി. എന്റെ ജീവിതത്തില്‍ ഒരു പ്രണയം ഉണ്ടായിട്ടുണ്ട്. പക്ഷേ അതില്‍ ഇന്ത്യന്‍ ആര്‍മിയുടെ കാര്യം ഞാന്‍ എടുത്തിട്ടു. അത് ചെയ്യാന്‍ പാടില്ലാത്തതായിരുന്നു.
അത് അപ്പോഴത്തെ മാനസികാവസ്ഥയില്‍ പറഞ്ഞുപോയതാണ്. അങ്ങനൊരു കഥ പറഞ്ഞതിന് എല്ലാവരുടെ മുന്നിലും ഞാന്‍ ഒന്നുകൂടി സോറി ചോദിക്കുകയാണ്. എനിക്കൊരു പ്രണയം ഉണ്ടായിട്ടുണ്ട്. പക്ഷേ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍ ഒന്നുമല്ല. അത് ആ ഒരു ഇതില്‍ അങ്ങ് പറഞ്ഞ് പോയതാണ്. പക്ഷേ അത് ഇപ്പോള്‍ വന്നുവന്ന് എന്റെ പ്രൊഫഷനെയും ചോദ്യം ചെയ്യുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുകയാണ്- മിഥുന് പറഞ്ഞു.
ആര്‍മി ഓഫീസറായ ഒരു പെണ്‍കുട്ടിയുമായി തനിക്ക് പ്രണയം ഉണ്ടായിരുന്നു, അവര്‍ വെടിയേറ്റ് കൊല്ലപ്പെട്ടു എന്ന മിഥുന്റെ ‘പ്രണയ കഥ’യ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ കഥ വ്യാജമാണെന്നും മോഹന്‍ലാല്‍ ഇത് തിരുത്തിക്കണമെന്നും ആവശ്യം ഉയര്‍ന്നിരുന്നു. എക്സ് മിലിട്ടറിക്കാര് അടക്കം ഈ കഥ വ്യാജമാണെന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു. ആര്‍മിയെ കുറിച്ച് പറഞ്ഞതില്‍ മോഹന്‍ലാലും മിഥുനെതിരെ കടുത്ത രീതിയില്‍ പ്രതികരിച്ചിരുന്നു.