രോഗിയുടെ ജീവനാണ് പ്രധാനം; വിദ്യാർഥികൾക്ക് മറുപടി അധ്യാപകർ നൽകി; ഹിജാബ് വിഷയത്തിൽ ആരോഗ്യമന്ത്രി
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഹിജാബ് വിഷയത്തിൽ പ്രതികരിച്ച് ആരോഗ്യമന്ത്രി വീണ ജോർജ്.വേഷം നിർണയിക്കുന്നത് ഭരണകൂടമല്ല. ഓപ്പറേഷൻ തിയേറ്ററിലെ വേഷം നിശ്ചയിക്കുന്നത് വിദഗ്ധരാണെന്നും മന്ത്രി പറഞ്ഞു.ഓപ്പറേഷന്‍ തീയറ്ററില്‍ മതവിശ്വാസം സംരക്ഷിക്കുന്ന വസ്ത്രം അനുവദിക്കണമെന്ന ആവശ്യവുമായി വിദ്യാർഥികൾ എത്തിയത് ചർച്ചയായിരുന്നു.
പ്രാധാന്യം രോഗിയുടെ ജീവനാണ്, ഒരു മെഡിക്കൽ കോളജിലെ വിദ്യാർഥികൾ അവരുടെ അധ്യാപകരോട് ഒരു ആവശ്യമുന്നയിച്ചു. അധ്യാപകർ അതിന് മറുപടി നൽകും. തികച്ചും സാങ്കേതികമായ വിഷയമാണിത്. ഡോക്ടർമാരുടെ സംഘടനകൾ തന്നെ അതിനോട് പ്രതികരിച്ചിട്ടുണ്ട്. അത് വിവാദമാക്കേണ്ട വിഷയമില്ലെന്നും മന്ത്രി പറഞ്ഞു.
അതേസമയം സംസ്ഥാന സർക്കാരിന്റെ പനിക്കണക്കിൽ അവ്യക്തത ഇല്ലെന്നും വീണാ ജോർജ് വ്യക്തമാക്കി. സർക്കാർ ആവശ്യപ്പെട്ടത് സ്വയം ചികിത്സ പാടില്ല എന്നാണ്. ഡോക്ടറെ കാണണമെന്ന് തന്നെയാണ് നിർദേശം നൽകിയത്. മെയ് മാസം മുതൽ ആരോഗ്യവകുപ്പ് ജാഗ്രത പാലിച്ചിരുന്നു. മരണ കാരണം പരിശോധിക്കുന്നുണ്ട്. മരണം ഉണ്ടാകാതിരിക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.