ഒരു കിലോ തക്കാളി സമ്മാനം; പക്ഷെ ഹെൽമറ്റ് ധരിക്കണം; വിലപിടിപ്പുള്ള സമ്മാനം വാഗ്ദാനം ചെയ്ത് ട്രാഫിക് പൊലീസ്

Spread the love

നിയമങ്ങൾ പാലിച്ചാൽ സമ്മാനം കിട്ടുമോ?. തമിഴ്നാട്ടിൽ അങ്ങനെ ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. അതും വെറും സമ്മാനമല്ല ഇപ്പോഴത്തെ സാഹചര്യത്തിൽ അൽപം വിലപിടിച്ച സമ്മാനമാണ് ട്രാഫിക് നിയമങ്ങൾ പാലിക്കുന്നവരെ കാത്തിരിക്കുന്നത്. ഹെൽമറ്റ് ധരിച്ച് യാത്ര ചെയ്യുന്നവരാണ് ആ ഭാഗ്യശാലികൾ. സമ്മാനമാകട്ടെ ഒരു കിലോ തക്കാളിയും. തക്കാളിയോ എന്ന് അതിശയിക്കാൻ വരട്ടെ. നിലവിലെ വിപണി വില വച്ച് നോക്കുമ്പോൾ തക്കാളി ഒരു വിലപിടിപ്പുള്ള സമ്മാനം തന്നെയാണ്.

തമിഴ്നാട് ത‍ഞ്ചാവൂരിലാണ് ഹെല്‍മറ്റ് ബോധവല്‍ക്കരണത്തിന്‍റെ ഭാഗമായി അടിപൊളി സമ്മാനം. ട്രാഫിക് ഇന്‍സ്പെക്ടര്‍ രവിചന്ദ്രന്‍റെ വകയാണ് ഹെല്‍മറ്റ് ധരിക്കുന്നവര്‍ക്കുള്ള പ്രോത്സാഹന സമ്മാനം.തമിഴ്നാട്ടില്‍ തക്കാളി വില ഉയ‍ർന്നുനിൽക്കുന്ന സാഹചര്യത്തിലാണ് ഈ നടപടിയെന്നോർക്കണം. ഏതായാലും അപ്രതീക്ഷിതമായി ലഭിക്കുന്ന വിലപിടിച്ച സമ്മാനം ടൂവീലർ യാത്രക്കാരെ കുറച്ചൊന്നുമല്ല സന്തോഷിപ്പിക്കുന്നത്.

മറ്റു പച്ചക്കറികളോടൊപ്പം തന്നെ രാജ്യത്ത് തക്കാളിയുടെ വിലയും കുതിച്ചുയരുകയാണ്. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം ഒറ്റ ദിവസംകൊണ്ട് ഒരു കിലോ തക്കാളിക്ക് 27 രൂപ മുതൽ 60 രൂപ വരെ വർധിച്ചിരുന്നു. ഇതോടെ തക്കാളിയുടെ മൊത്ത വില 45 രൂപയിൽ നിന്നും 107–110ലേക്ക് ഉയർന്നു. ഒരാഴ്ച മുമ്പ് 40 രൂപ മുതൽ 60 രൂപയായിരുന്നു തക്കാളിയുടെ ചില്ലറവില.

ഉയർന്ന താപനില, കുറഞ്ഞ ഉൽപ്പാദനം, മഴയിലുണ്ടായ കാലതാമസം എന്നിവയാണ് ഉയർന്ന വിലയ്ക്ക് കാരണം. മെയ് മാസത്തിൽ കിലോയ്ക്ക് 3-5 രൂപയ്ക്ക് വരെ രാജ്യത്തിൻറെ പലയിടങ്ങളിലും തക്കാളി ലഭിച്ചിരുന്നു. എന്നാൽ മെയ്മാസത്തിൽ വിലക്കുറവ് വന്നതും, മഴ മൂലം കൃഷി മോശമായതുമെല്ലാം കർഷകരെ ബാധിച്ചിരുന്നു. മറ്റു കൃഷിയിലേക്ക് കർഷകർ തിരിഞ്ഞതും തക്കാളിയുടെ ഉൽപാദനം കുറയാൻ കാരണമായി

Leave a Reply

Your email address will not be published. Required fields are marked *