നിങ്ങള്‍ അഭിനയിക്കാതിരുന്നത് നന്നായെന്ന് പരോക്ഷമായി പരിഹസിച്ച രാജമൗലി, അന്ന് ശ്രീദേവി നല്‍കിയ മറുപടി
ബാഹുബലി എന്ന സിനിമ നടി ശ്രീദേവിക്ക് നഷ്ടമായത് ആരാധകരെ ഒന്നടങ്കം നിരാശരാക്കിയിരുന്നു. ശ്രീദേവിക്ക് പകരം നടി രമ്യ കൃഷ്ണനാണ് ബാഹുബലിയിലെ രാജമാത കഥാപാത്രം ചെയ്തത്. താരം ഈ സിനിമ നിരസിച്ചതിനെക്കുറിച്ച് അന്ന് പല അഭ്യൂഹങ്ങളും വന്നിരുന്നു.
ഇതിനിടെ രാജമൗലി നടത്തിയ പരാമര്‍ശം വിവാദമായി. ശ്രീദേവിയെ ബാഹുബലിയിലേക്ക് പരിഗണിച്ചിരുന്നു എന്ന് തുറന്ന് പറഞ്ഞ രാജമൗലി നടി സിനിമ നിരസിച്ചതിന് നന്ദിയും പറഞ്ഞു. ശ്രീദേവി വലിയ പ്രതിഫലം ആവശ്യപ്പെട്ടെന്നും മറ്റ് നിബന്ധനകള്‍ വെച്ചെന്നും രാജമൗലി ആരോപിച്ചു.
ശ്രീദേവിയെയും ബോണി കപൂറിനെയും ഈ പരാമര്‍ശം ചൊടിപ്പിച്ചു. തന്റെ നീരസം ശ്രീദേവി പരസ്യമായിത്തന്നെ പ്രകടിപ്പിക്കുകയും ചെയ്തു. രാജമൗലി ഇങ്ങനെ പറയുമെന്ന് തനിക്ക് വിശ്വസിക്കാന്‍ പറ്റുന്നില്ല. ഞാന്‍ പ്രത്യേക ആവശ്യങ്ങള്‍ ഉന്നയിക്കുന്ന ആളല്ല. ബാഹുബലിയില്‍ സംഭവിച്ചത് കഴിഞ്ഞ കാര്യമാണ്. അതെന്തിനാണ് ഇപ്പോള്‍ സംസാരിക്കുന്നത്. ഞാന്‍ നിരസിച്ച ഒരുപാട് സിനിമകളുണ്ട്.
അവയെക്കുറിച്ച് പിന്നീട് സംസാരിക്കുന്നത് ശരിയല്ലെന്ന് കരുതുന്നെന്നും ശ്രീദേവി പറഞ്ഞിരുന്നു. ഇതിന് പിന്നാലെ രാജമൗലിയുടെ കുറ്റപ്പെടുത്തല്‍ വലിയ ചര്‍ച്ചയായി. ഇതോടെ സംഭവത്തില്‍ ഇദ്ദേഹം ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. ആരുടെ ഭാഗം വിശ്വസിക്കണമെന്ന് ജനങ്ങള്‍ക്ക് തീരുമാനിക്കാം. തനിക്കതില്‍ ഖേദം ഉണ്ടെന്നാണ് രാജമൗലി നല്‍കിയ വിശദീകരണം.