പാക് താരം മരം മുറിക്കുന്ന മെഷീന്‍ ഉപയോഗിച്ച് ആത്മഹത്യ ചെയ്തു
പാകിസ്ഥാന്‍ സ്നൂക്കര്‍ താരം മജീദ് അലി ആത്മഹത്യ ചെയ്തു. 28 കാരനായ മജീദിനെ ഫൈസലാബാദില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരം മുറിക്കുന്ന മെഷീന്‍ ഉപയോഗിച്ചാണ് മജീദ് ആത്മഹത്യ ചെയ്തതെന്ന് പാകിസ്താന്‍ പൊലീസ് അറിയിച്ചു.
കുറച്ചുകാലമായി മജീദ് വിഷാദരോഗത്തിലായിരുന്നു. കൗമാരപ്രായം തൊട്ട് മജീദില്‍ വിഷാദരോഗം കണ്ടുതുടങ്ങിയിരുന്നുവെന്ന് താരത്തിന്റെ സഹോദരന്‍ ഉമര്‍ പറഞ്ഞു.
പാകിസ്ഥാന് വേണ്ടി നിരവധി അന്താരാഷ്ട്ര വേദികളില്‍ മത്സരിച്ച താരമാണ് മജീദ്. സ്നൂക്കറില്‍ ദേശീയ തലത്തില്‍ മജീദ് ഒന്നാം റാങ്കുകാരനായിരുന്നു. അണ്ടര്‍ 21 ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടിയിട്ടുണ്ട്.
ഒരു മാസത്തിനിടെ പാകിസ്ഥാനില്‍ മരിക്കുന്ന രണ്ടാമത്തെ സ്നൂക്കര്‍ താരമാണ് മജീദ്. കഴിഞ്ഞ മാസം അന്താരാഷ്ട്ര താരമായ മുഹമ്മദ് ബിലാല്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് അന്തരിച്ചിരുന്നു.