താക്കോല്‍ സ്ഥാനത്തെത്തിയാല്‍ അപ്രസക്തരാകുമെന്ന് ഭയന്ന് കെ സുരേന്ദ്രനും മുരളീധരനും;
സുരേഷ് ഗോപിയെ മുന്‍നിര്‍ത്തി കേരളത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുന്നേറ്റമുണ്ടാക്കാന്‍ ബിജെപി കേന്ദ്രനേതൃത്വത്തിന് താല്‍പര്യം. കേന്ദ്രമന്ത്രി സ്ഥാനം കൊടുത്ത് സുരേഷ് ഗോപിയെ കെട്ടിയിറിക്കി കേരളത്തിലെ ബിജെപിയുടെ തലപ്പത്തേക്ക് കൊണ്ടുവരാനുള്ള ചര്‍ച്ചകള്‍ ബിജെപിക്കുള്ളില്‍ നടക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സൂപ്പര്‍താരത്തിനോടുള്ള പ്രത്യേക താല്‍പര്യവും സുരേഷ് ഗോപിക്ക് മേല്‍ഘടകങ്ങളിലെ ചര്‍ച്ചകളില്‍ പ്രതീക്ഷ നല്‍കുന്നുണ്ട്. ഇതിനെല്ലാം പുറമേ കേരളത്തിലെ ബിജെപി നേതാക്കളുടെ പ്രവര്‍ത്തനം ശരിയല്ലെന്ന് കരുതി കടുത്ത വിമര്‍ശനം ഉന്നയിക്കുന്ന ആര്‍എസ്എസിനും സുരേഷ് ഗോപി പ്രിയങ്കരനാണ്. നേതൃമാറ്റം അടക്കം വേണമെന്ന് വാദിക്കുന്ന ആര്‍എസ്എസിന്റെ പിന്തുണയും സുരേഷ് ഗോപിക്ക് ഉണ്ടെന്നതിനാല്‍ കേന്ദ്രമന്ത്രിസ്ഥാനത്തിനൊപ്പം പാര്‍ട്ടിക്കുള്ളില്‍ ബിജെപിക്ക് മികച്ച സ്ഥാനം ഉണ്ടാകുമെന്ന് കരുതുന്നവരുമുണ്ട്.
പക്ഷേ ഇതെല്ലാം കാലങ്ങളായി പാര്‍ട്ടിക്കുള്ളില്‍ പണിയെടുത്ത് സ്ഥാനമാനത്തിനായി കാത്തിരിക്കുന്ന പലരിലും അലോസരമുണ്ടാക്കിയിട്ടുണ്ട്. സംസ്ഥാന അധ്യക്ഷനായി തുടരുമ്പോഴും കെ സുരേന്ദ്രന്‍ മന്ത്രിസ്ഥാനം അടക്കം ആഗ്രഹിക്കുന്നുണ്ട്. വി മുരളീധരന്‍ കേന്ദ്രമന്ത്രിയായി ഇരിക്കുന്നതിനാല്‍ മന്ത്രിസഭയില്‍ നിന്ന് ഒഴിവായി സംസ്ഥാന നേതൃത്വത്തിലേക്ക് വീണ്ടും വരണമെന്ന് ആഗ്രഹിക്കുന്നവരും പാര്‍ട്ടിക്കുള്ളിലുണ്ട്.
ബിജെപി സംഘടന കാര്യ ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷും ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡയും കേരളത്തിലെത്തിയപ്പോള്‍ പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങളും പാര്‍ട്ടി പുനഃസംഘടന വിഷയവുമെല്ലാം ചര്‍ച്ചയായിരുന്നു. സുരേഷ് ഗോപി നേതൃത്വത്തിലേക്ക് വന്നാല്‍ തങ്ങളെല്ലാം അപ്രസക്തരാകുമെന്ന് കരുതി സൂപ്പര്‍ താരത്തിനെതിരെ ചരട് വലിക്കുന്നവരും പാര്‍ട്ടിയിലുണ്ട്.
സംസ്ഥാന നേതാക്കളോടും ബിജെപിയിലെ ഗ്രൂപ്പ് സമവാക്യങ്ങളോടും വലിയ വിധേയത്വമില്ലാത്ത സുരേഷ് ഗോപി തങ്ങള്‍ക്ക് മുകളില്‍ വന്നാല്‍ കാര്യങ്ങള്‍ കൈവിട്ടു പോകുമെന്ന ഭയത്തിലാണ് കെ സുരന്ദ്രേനും വി മുരളീധരനുമെല്ലാം. കുമ്മനം രാജശേഖരനെ ഒതുക്കിയത് പോലെ സുരേഷ് ഗോപിയെ തഴയാനും ഒതുക്കാനും കേരളത്തില്‍ കച്ചകെട്ടി ഇറങ്ങിയ ബിജെപി ചേരികളും ഉണ്ട്. എന്തായാലും മുമ്പില്ലാത്ത വിധം പാളയത്തില്‍ പടയൊരുങ്ങുന്നുണ്ട് കേരളത്തിലെ ബിജെപിയില്‍..
ലോക്‌സഭയില്‍ ഒരു സീറ്റെങ്കിലും കേരളത്തില്‍ നിന്ന് വേണമെന്ന കടുംപിടുത്തത്തിലാണ് ബിജെപി ദേശീയ നേതൃത്വം. തൃശൂര്‍ തന്റെ തട്ടകമായി കാണുന്ന സുരേഷ് ഗോപിയെ അവിടെ തന്നെ ഇറക്കാനും കഴിഞ്ഞ തവണ വമ്പന്‍ മുന്നേറ്റമുണ്ടാക്കിയ ആറ്റിങ്ങലില്‍ വി മുരളീധരനെ ഇറക്കാനുമാണ് കേന്ദ്രം താല്‍പര്യപ്പെടുന്നത്.