വര്‍ക്കല കല്ലമ്പലത്ത് മകളുടെ വിവാഹ ദിവസം പിതാവ് കൊല്ലപ്പെട്ടു
തിരുവനന്തപുരം: വര്‍ക്കല കല്ലമ്പലത്ത് മകളുടെ വിവാഹ ദിവസം പിതാവ് കൊല്ലപ്പെട്ടു. കല്ലമ്പലം വടശേരികോണം സ്വദേശി ശ്രീലക്ഷ്മിയില്‍ രാജു (61) ആണ് കൊല്ലപ്പെട്ടത്. സമീപവാസികളായ യുവാക്കളുടെ മര്‍ദനമേറ്റാണ് മരണം. ഇന്ന് വര്‍ക്കല ശിവഗിരിയില്‍ വച്ച് പെണ്‍കുട്ടിയുടെ വിവാഹം നടക്കാനിരിക്കെയാണ് കൊലപാതകം.
രാജുവിന്റെ മകള്‍ ശ്രീലക്ഷ്മിയുടെ വിവാഹമാണ് ഇന്ന് നടക്കാനിരുന്നത്. പെണ്‍കുട്ടിയുടെ സുഹൃത്ത് ജിഷ്ണു സഹോദരന്‍ ജിജിന്‍ എന്നിവരുള്‍പ്പെട്ട നാലംഗ സംഘമാണ് ആക്രമിച്ചത്. അപ്രതീക്ഷിതമായി ജിഷ്ണുവും സുഹൃത്തുക്കളും പെണ്‍കുട്ടിയുടെ വീട്ടിലെത്തി രാജുവുമായി വഴക്കിട്ടു. സംഘത്തിലുണ്ടായിരുന്ന ജിജിന്‍ എന്ന യുവാവ് മണ്‍വെട്ടി കൊണ്ട് അടിക്കുകയും കത്തി ഉപയോഗിച്ച് കുത്തി പരിക്കേല്‍പ്പിക്കുകയുമായിരുന്നു. ഓടി രക്ഷപെടാന്‍ ശ്രമിച്ച പ്രതികളെ നാട്ടുകാര്‍ പിടികൂടി.
ശ്രീലക്ഷ്മിയും ജിഷ്ണുവും നേരത്തെ പ്രണയത്തിലായിരുന്നു. ഈ ബന്ധം ഉപേക്ഷിച്ചാണ് പെണ്‍കുട്ടി വിവാഹത്തിനൊരുങ്ങിയത്. വടശേരികോണം സ്വദേശി ജിഷ്ണു സുഹൃത്തുക്കളായ ജിജിന്‍, ശ്യാം, മനു എന്നിവരാണ് പിടിയിലായത്. ഓട്ടോഡ്രൈവറാണ് മരിച്ച രാജു.