പള്ളിമേടയിൽ യുവാക്കൾക്കൊപ്പം മദ്യപിച്ച് മയങ്ങിപ്പോയ വികാരിയേയും മൂന്നു യുവാക്കളേയും വിശ്വാസികൾ പിടികൂടി പോലീസിൽ ഏൽപ്പിച്ചു
കൊച്ചി: പള്ളിമേടയിൽ യുവാക്കൾക്കൊപ്പം മദ്യപിച്ച് മയങ്ങിപ്പോയ വികാരിയേയും മൂന്നു യുവാക്കളേയും വിശ്വാസികൾ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. പള്ളുരുത്തിക്ക് സമീപം കണ്ണമാലി കുതിരക്കൂർകരി ഫാത്തിമ മാതാ പള്ളിയിൽ കഴിഞ്ഞദിവസമാണ് സംഭവം. വികാരി ഫാ. അഗസ്റ്റിൻ നെല്ലിക്കാവേലിയെയും ഇടവകയിലെ മൂന്നുയുവാക്കളെയുമാണ് നാട്ടുകാർ പിടികൂടിയത്.
ഞായറാഴ്ച കുർബാന ചൊല്ലാൻ വികാരി എത്തിയിരുന്നില്ല. തുടർന്ന് വിശ്വാസികൾ നടത്തിയ അന്വേഷണത്തിൽ മദ്യലഹരിയിൽ പള്ളിമേടയിൽ മൂന്ന് യുവാക്കളും വികാരിയും കിടക്കുന്നതാണ് കാണുന്നത്. അതോടെ നാട്ടുകാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഞായറാഴ്ച രാവിലെ ഏഴരയോടെ പള്ളിയിലെത്തിയ വിശ്വാസികളോട് തനിക്ക് സുഖമില്ലെന്ന് പറഞ്ഞ് വികാരി കുർബാന ഒഴിവാക്കിയിരുന്നതായും പറയുന്നു. ഇടവകയിൽ നടന്ന മറ്റൊരു ചടങ്ങിലും വികാരി പങ്കെടുത്തില്ല. എന്നാൽ പള്ളിമേടയുടെ വാതിൽ അടച്ചിട്ടത് ശ്രദ്ധയിൽപ്പെട്ടതോടെ വിശ്വാസികൾക്ക് സംശയമുണ്ടാവുകയും തുടർന്ന് അകത്ത് കയറി നോക്കുകയുമായിരുന്നു. ഇതോടെയാണ് വികാരി മദ്യപിച്ച് പൂസായി കിടക്കുന്നത് കണ്ടത്. കണ്ണമാലി പോലിസ് സ്ഥലത്തെത്തി വികാരിയേയും യുവാക്കളെയും സ്റ്റേഷനിലേക്ക് മാറ്റി. ഇവർക്കെതിരെ ഏതെങ്കിലും വകുപ്പ് പ്രകാരം കേസെടുത്തോ എന്ന് വ്യക്തമല്ല.