ചീഫ് സെക്രട്ടറി സ്ഥാനത്തേക്ക് വേണുവിന് സാധ്യത; മന്ത്രിസഭാ യോഗം ഇന്ന് തീരുമാനിക്കും
പുതിയ ചീഫ് സെക്രട്ടറിയെയും പൊലീസ് മേധാവിയെയും ഇന്ന് ചേരുന്ന മന്ത്രിസഭായോഗം തീരുമാനിക്കും. ചീഫ് സെക്രട്ടറി സ്ഥാനത്തേക്ക് ഡോ. കെ വേണുവിനാണ് ഏറ്റവുമധികം സാധ്യത. സംസ്ഥാന പൊലീസിന്റെ തലപ്പത്ത് കെ പത്മകുമാര്‍, ഷെയ്ഖ് ദര്‍വേഷ് സാഹിബ് എന്നിവരില്‍ ഒരാളാകും എത്തുക.
ജൂണ്‍ മാസം 30ന് ചീഫ് സെക്രട്ടറി വി.പി ജോയിയും സംസ്ഥാന പൊലിസ് മേധാവി അനില്‍കാന്തും വിരമിക്കുകയാണ്. ഡോ. വേണു ഉള്‍പ്പെടെ അഞ്ചുപേരാണ് ചീഫ് സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്നവരുടെ പട്ടികയിലുള്ളത്.
ഫയര്‍ഫോഴ്‌സ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബും ജയില്‍ മേധാവി കെ പത്മകുമാറുമാണ് സംസ്ഥാന പൊലീസ് മേധാവിയുടെ സാധ്യതാ പട്ടികയില്‍ മുന്‍നിരയിലുള്ളത്. ക്രൈം ബ്രാഞ്ച് മേധാവിയും ക്രമസാമാധന ചുമതലയുള്ള എഡിജിപിയുമായിരുന്നു ഷെയ്ഖ് ദര്‍വേസ് സാഹിബ്.
സര്‍ക്കാറിന്റെ വിശ്വസ്തനായതോടെ പൊലീസ് ആസ്ഥാനത്തെ എഡിജിപിയായി പ്രവര്‍ത്തിക്കുകയായിരുന്നു പത്മകുമാര്‍. കളങ്കിതരായ പൊലീസുകാരെ പിരിച്ചുവിടാനുള്ള നടപടികള്‍ക്ക് പിന്നില്‍ പത്മകുമാര്‍ പ്രവര്‍ത്തിച്ചിരുന്നു. അതേസമയം, വിവാദങ്ങളില്‍ നിന്നൊഴിഞ്ഞ ക്ലീന്‍ ട്രാക്ക് റെക്കോര്‍ഡാണ് ഷെയ്ഖ് ദര്‍വേഷിനുള്ളത്.