വരുന്ന ലോകകപ്പിലും ആ ചിരി കാണാം, നിശ്ചയദാര്‍ഢ്യം അത്രയേറെ ഉണ്ട്!
ഈ വര്‍ഷം ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ കളിക്കാമെന്ന പ്രതീക്ഷ കൈവിടാതെ ന്യൂസിലന്‍ഡ് സൂപ്പര്‍ താരം കെയ്ന്‍ വില്യംസണ്‍. വലത് കാല്‍മുട്ടിനേറ്റ പരിക്കില്‍ നിന്ന് അതിവേഗം താന്‍ സുഖം പ്രാപിക്കുകയാണെന്ന് താപം പ്രതികരിച്ചു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) ഗുജറാത്ത് ടൈറ്റന്‍സിനായി ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്. തുടര്‍ന്ന് ഏപ്രില്‍ ആദ്യം ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയും ചെയ്തിരുന്നു.
താന്‍ പുരോഗതി കൈവരിച്ചുകൊണ്ടിരിക്കുകയാണെന്നും ഒക്ടോബറിലും നവംബറിലും ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പില്‍ കളിക്കളത്തില്‍ തിരിച്ചെത്തുന്നതിന് മുമ്പായി കാല്‍മുട്ട് ശരിയായി നന്നാക്കുന്നതിന് മുന്‍ഗണന നല്‍കുകയാണെന്നും വില്യംസണ്‍ പറഞ്ഞു. തനിക്ക് മുമ്പ് ഇത്രയും ദൈര്‍ഘ്യമേറിയ പരിക്കുകള്‍ ഉണ്ടായിട്ടില്ലെന്നും എന്നാല്‍ ഇത് യാത്ര അല്‍പ്പം ദൈര്‍ഘ്യമേറിയതാണെന്നും താരം പറഞ്ഞു.
2015,2019 ലോകകപ്പുകളില്‍ ന്യൂസിലന്‍ഡിനെ ഫൈനലിലെത്തിക്കുന്നതില്‍ വില്യംസണിന്റെ ബാറ്റിംഗ് പ്രകടനം ഏറെ സഹായിച്ചിരുന്നു. 6,554 ഏകദിന റണ്‍സ് നേടിയിട്ടുള്ള 32-കാരന്‍ ന്യൂസിലന്‍ഡിന്റെ നായകന്‍ കൂടിയാണ്. താരത്തിന്റെ ആഭാവം ടീമിന് തലവേദനയാകുമെന്നതില്‍ ഒരു സംശയവുമില്ല.
അതേസമയം, ലോകകപ്പ് 2023 ഷെഡ്യൂള്‍ ഇന്ന് പ്രഖ്യാപിക്കും.ജയ് ഷാ, വീരേന്ദര്‍ സെവാഗ്, മുത്തയ്യ മുരളീധരന്‍, ഐസിസി സിഇഒ ജെഫ് അലാര്‍ഡിസ് എന്നിവര്‍ ഉച്ചയ്ക്ക് 12 മണിക്ക് ഷെഡ്യൂള്‍ അനാവരണം ചെയ്യും. പാകിസ്ഥാന്‍ ഷെഡ്യൂള്‍ അംഗീകരിച്ചു എന്നും വേദികളില്‍ മാറ്റങ്ങളൊന്നും ഉണ്ടാകില്ലെന്നും ബിസിസിഐയുടെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.