തിരുവനന്തപുരം മണ്ഡലം പിടിക്കാൻ ബിജെപി, നിർമ്മല സീതാരാമനെ കളത്തിലിറക്കിയേക്കും

Spread the love

ലോക് സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ പ്രമുഖ രാഷ്ട്രീയ പാർ‌ട്ടികളെല്ലാം ശക്തമായ ആസൂത്രണത്തിലാണ്. കർണാടക നിയമസഭാ തെര‍ഞ്ഞെടുപ്പോടെ ദക്ഷിണേന്ത്യയിലെ പിടിവിട്ട ബിജെപി കൂടുതൽ ജാഗ്രതയോടെയാണ് കരുക്കൾ നീക്കുന്നത്. ഇപ്പോഴിതാ കേരളത്തിൽ നേട്ടമുണ്ടാക്കാനുള്ള തന്ത്രങ്ങളാണ് ബിജെപി മെനയുന്നത്.

വരുന്ന ലോക്സഭാ തെര‍ഞ്ഞെടുപ്പിൽ തിരുവനന്തപുരം ലോക്സഭാ മണ്ഡലം പിടിക്കാനാണ് ബിജെപിയുടെ നീക്കങ്ങൾ. കേരളത്തിൽ എൻഡിഎ യ്ക്ക് ഏരെ പ്രതീക്ഷയുള്ള മണ്ഡലമാണ് തിരുവനന്തപുരം. കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമനെ കളത്തിലിറക്കി സീറ്റ് പിടിക്കുവാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നത്. ഇതിനായി ദേശീയ അധ്യക്ഷനെ നേരിട്ടെത്തിച്ച് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടുകയാണ്.

വന്ദേഭാരതിന്‍റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട രാഷ്ട്രീയനീക്കങ്ങളോടെ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ, രണ്ടാം മണ്ഡലമായി തിരുവനന്തപുരം തിരഞ്ഞെടുത്തേക്കുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ അതിനുള്ള സാധ്യതകൾ പിന്നീട് തെളിഞ്ഞില്ല. മോദിയില്ലെങ്കിലും പ്രമുഖനായ മറ്റൊരു കേന്ദ്ര നേതാവ് തലസ്ഥാനത്ത് നിൽക്കണമെന്ന് വേണമെന്ന് ബിജെപി സംസ്ഥാന നേതൃത്വം ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ആ ചർച്ചകൾ ഒടുവിൽ എത്തി നിൽക്കുന്നത് നിർമ്മല സീതാരാമനിലാണ്.

മധുരൈ സ്വദേശിയായ മന്ത്രി തിരുവനന്തപുരത്തിന് അന്യയായി തോന്നില്ലെന്ന പ്രതീക്ഷയിലാണ് ബിജെപി. ഓഖി കാലത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ വരെ പ്രതിഷേധം നേരിടേണ്ടിവന്ന വിഴിഞ്ഞത്ത്, തീരജനതയെ സമാശ്വസിപ്പിച്ച നിര്‍മലാ സീതാരാമനിൽ ബിജെപി സംസ്ഥാന നേതൃത്വം വിശ്വാസം അർപ്പിക്കുകയാണ്.

കേരളത്തില്‍ ഏഴ് മണ്ഡലങ്ങളിലാണ് ബിജെപിക്ക് പ്രതീക്ഷയുള്ളത്. അതില്‍ ഏറ്റവും മുന്നിൽ തിരുവനന്തപുരം മണ്ഡലമാണ്. തിരുവനന്തപുരത്ത് ദേശീയ നേതാവ് ഇറങ്ങിയാൽ തലസ്ഥാനത്തിന് പുറത്തടക്കം നേട്ടമാകുമെന്നാണ് പാർട്ടി കണക്ക് കൂട്ടൽ.എന്നാൽ കോൺഗ്രസിന് എല്ലാ ആത്മവിശ്വാസവും പകർന്ന് ശശി തരൂർ എന്ന വൻമരം തിരുവനന്തപുരത്ത് ഉണ്ടെന്നത് തലസ്ഥാനം പിടിക്കുവാനുള്ള ബിജെപിയുടെ സ്വപ്നങ്ങൾക്ക് വൻ തടസ്സമാകും.

Leave a Reply

Your email address will not be published. Required fields are marked *