ഹജ്ജിന്റെ ഏറ്റവും പ്രധാന ചടങ്ങായ അറഫ സംഗമംനാളെ
മക്ക : ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തീർഥാടകർ ഹജ്ജ് കർമത്തിനായെത്തിയതോടെ മിനാ താഴ്വാരം വീണ്ടുമുണർന്നു. ഹജ്ജിലെ ആദ്യ ചടങ് ഇന്ന് മിനായിൽ നടക്കും.
ദൈവ കല്പന പ്രകാരം മകൻ ഇസ്മാഈൽ നബിയെ ബലിയർപ്പിക്കാൻ എത്തിയ ഇബ്റാഹീം നബിയുടെ ത്യാഗത്തിന്റെയും അചഞ്ചലമായ ദൈവ വിശ്വാസത്തിൻെറയും ചരിത്രമാണ് ഹാജിമാർ മിനായിൽ സ്മരിക്കുക.
ചൊവ്വാഴ്ചയാണ് ഹജ്ജിന്റെ ഏറ്റവും പ്രധാന ചടങ്ങായ അറഫ സംഗമം. അന്ന് പുലർച്ചെയോടെ മിനായിൽ നിന്ന് ഹാജിമാർ അറഫയിലേക്ക് പുറപ്പെടും.
ഉച്ചയോടെ 25 ലക്ഷത്തിലേറെ തീർഥാടകർ അറഫയിൽ സംഗമിക്കുമെന്നാണ് കണക്കാക്കുന്നത്. മിനായിലും അറഫയിലും എല്ലാ ഒരുക്കങ്ങളും പൂർത്തിയായിട്ടുണ്ട്. ഇന്ത്യൻ ഹജ്ജ് മിഷൻ മേൽനോട്ടത്തിൽ ഇന്ത്യൻ ഹാജിമാരെ സമയത്തു തന്നെ മിനായിൽ ഒരുക്കിയ കൂടാരത്തിൽ എത്തിച്ചിരുന്നു.