നിരത്തിലിറങ്ങാൻ എക്സ്റ്റർ റെഡിയായി; ആദ്യ യൂണിറ്റ് പുറത്തിറക്കി ഹ്യുണ്ടായി !

Spread the love

ഹ്യുണ്ടായിയുടെ എസ്‌യുവി നിരയിലേക്ക് ഏറ്റവും കുഞ്ഞന്‍ മോഡലായി എത്താൻ ഒരുങ്ങുന്ന എക്സ്റ്ററിന്റെ നിർമാണം ആരംഭിച്ചിരിക്കുകയാണ്. ഹ്യുണ്ടായിയുടെ തമിഴ്‌നാട്ടിലെ വാഹന നിര്‍മാണശാലയില്‍ നിന്ന് കഴിഞ്ഞ ദിവസം എക്സ്റ്ററിന്റെ ആദ്യ യൂണിറ്റ് പുറത്തിറക്കി. മൈക്രോ എസ്‌യുവിയുടെ സിഗ്നേച്ചര്‍ കളറായ റേഞ്ചര്‍ കാക്കി നിറത്തിലാണ് ആദ്യ യൂണിറ്റ് നിര്‍മിച്ചിട്ടുള്ളത്.

തങ്ങളുടെ ഉപയോക്താക്കള്‍ക്ക് ഏറ്റവും മികച്ച മൊബിലിറ്റി ഉപയോഗം ഉറപ്പാക്കുന്നതിനായി അത്യാധുനിക ഉത്പാദന സൗകര്യം ഉപയോഗിച്ചാണ് എക്സ്റ്ററിന്റെ നിര്‍മാണമെന്നും നാലാം തലമുറ റോബോട്ടുകളുടെയും ഏറ്റവും മികച്ച ജീവനക്കാരുടെയും കൂട്ടായ അധ്വാനത്തിലൂടെയാണ് എക്‌സ്റ്റര്‍ എന്ന വാഹനം ഒരുങ്ങുന്നതെന്നും ഹ്യുണ്ടായി അറിയിച്ചു.

ജൂലൈ പത്തിന് വാഹനം ഔദ്യോഗികമായി ലോഞ്ച് ചെയ്യുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇതിന് മുന്നോടിയായി എക്സ്റ്ററിനെ ഘട്ടംഘട്ടമായി ഹ്യുണ്ടായ് പരിചയപ്പെടുത്തിയിരുന്നു. എക്സ്റ്ററിന്റെ പുതിയ ചിത്രങ്ങളും വീഡിയോകളുമാണ് കമ്പനി പുറത്തു വിട്ടത്.

ഹ്യുണ്ടായിയുടെ ഏറ്റവും താങ്ങാനാവുന്ന എസ്‌യുവി ആയിരിക്കും എക്സ്റ്റർ. മാത്രമല്ല, കാർ നിർമാതാക്കളുടെ എസ്‌യുവി നിരയിൽ വെന്യുവിന് താഴെയായിരിക്കും ഈ വാഹനം. എക്സ്റ്ററിന്റെ എക്സ്റ്റീരിയർ ഡിസൈനും മറ്റും ഹ്യുണ്ടായ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. ശേഷം വാഹനത്തിന്റെ ഇന്റീരിയറിന്റെ ചിത്രങ്ങളും പുറത്തു വിട്ടിരുന്നു. ‘യൂത്ത്ഫുള്‍ ഇന്റീരിയര്‍’ എന്നാണ് ഹ്യുണ്ടായ് ഈ വാഹനത്തിന്റെ അകത്തളത്തെ വിശേഷിപ്പിക്കുന്നത്. ടാറ്റ പഞ്ചിനെ വെല്ലുന്ന വിധത്തിലാണ് എക്സ്റ്റർ നിർമിച്ചിരിക്കുന്നത്.

1.2 ലിറ്റർ കാപ്പ പെട്രോൾ എഞ്ചിനാണ് എക്‌സ്‌റ്ററിന് കരുത്ത് പകരുന്നത്. 82 ബിഎച്ച്പി പവറിൽ 114 എൻഎം ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ഈ യൂണിറ്റിന് ശേഷിയുണ്ട്. എന്നാൽ 68 ബിഎച്ച്പി കരുത്തിൽ 95 എൻഎം ടോർക്ക് വരെ നിർമിക്കും. 5 സ്പീഡ് മാനുവൽ, എഎംടി ഓട്ടോമാറ്റിക്ക് എന്നിവയാണ് എക്സ്റ്റർ എസ്‌യുവിയുടെ ഗിയർബോക്സ് ഓപ്ഷനിൽ ഉള്ളത്. 3.8 മീറ്റർ നീളം, 1,595 എംഎം വീതി, 1,575 എംഎം ഉയരം എന്നിങ്ങനെയാണ് വാഹനത്തിന്റെ അളവായി പ്രതീക്ഷിക്കുന്നത്.

ഹ്യുണ്ടായ് വാഹനങ്ങളിൽ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള മുൻവശമാണ് എക്സ്റ്ററിനുള്ളത്. സ്ലിറ്റ് ഹെഡ്‍ലാംപ്, എച്ച് ആകൃതിയിലുള്ള എൽഇഡി ഡേടൈം റണ്ണിങ് ലാംപ് എന്നിവയുണ്ട് വാഹനത്തിനുണ്ട്. അയോണിക് 5 മോഡലുമായിട്ടാണ് എക്സ്റ്ററിന്റെ മുൻഭാഗത്തിന് സാമ്യം തോന്നുന്നത്. പാരാമെട്രിക് ഫ്രണ്ട് ഗ്രിൽ, പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡിആർഎല്ലുകൾ, ക്ലാംഷെൽ ബോണറ്റ്, H ആകൃതിയിലുള്ള എൽഇഡി ടെയിൽ ലാമ്പുകൾ എന്നിവയാണ് ഹ്യുണ്ടായി എക്‌സ്‌റ്ററിന്റെ ഡിസൈൻ സവിശേഷതകൾ.

സേഫ്റ്റിയുടെ കാര്യത്തിൽ ടാറ്റ പഞ്ചായിരിക്കും മുൻപിലെങ്കിലും പുതിയ ഹ്യുണ്ടായ് എക്‌സ്‌റ്ററും സുരക്ഷയ്‌ക്കാണ് മുൻഗണന നൽകുന്നത്. കേന്ദ്ര സർക്കാരിന്റെ ഏറ്റവും പുതിയ ഉത്തരവ് പ്രകാരം മൊത്തം 6 എയർബാഗുകൾ കമ്പനി വാഗ്‌ദാനം ചെയ്യും. എക്‌സ്‌റ്ററിന്റെ എല്ലാ വേരിയന്റുകളിലും ഈ 6 എയർബാഗുകൾ സ്റ്റാൻഡേർഡായി ലഭിക്കും.

ശബ്ദസന്ദേശത്തിലൂടെ തുറക്കാന്‍ സാധിക്കുന്ന സണ്‍റൂഫ്, ഡാഷ്‌ക്യാം, മുന്നിലും പിന്നിലും സുരക്ഷ ഉറപ്പാക്കുന്നതിനായി നല്‍കിയിട്ടുള്ള ക്യാമറകള്‍, സ്മാര്‍ട്ട് ഫോണ്‍ ആപ്പ് അധിഷ്ഠിതമായ റെക്കോഡിങ്ങ് മോഡുകള്‍, ഫുള്‍ എച്ച്.ഡി. വീഡിയോയാണ് ഡാഷ്‌ക്യാമിലൂടെ സാധ്യമാകുന്നത്. എല്ലാ സീറ്റുകൾക്കും സീറ്റ് ബെൽറ്റ് റിമൈൻഡർ ഡിസ്പ്ലേയും ഹ്യുണ്ടായ് എക്സ്റ്ററിൽ ഒരുക്കിയിട്ടുണ്ട്. ഇന്റീരിയറിന് സ്‌പോർട്ടി ഫീൽ നൽകുന്നതിന് വേണ്ടി സീറ്റുകൾ സെമി-ലെതറെറ്റ് അപ്‌ഹോൾസ്റ്ററിയിൽ’എക്‌സ്‌റ്റർ’ ബ്രാൻഡിംഗിലാണ് തീർത്തിരിക്കുന്നത്.

വാഹനം ഇന്ത്യയിൽ നിർമിച്ച് രാജ്യാന്തര വിപണികളിലേക്ക് വാഹനം കയറ്റുമതി ചെയ്യാനാണ് ഹ്യുണ്ടായിയുടെ പദ്ധതി. 11,000 രൂപ അഡ്വാന്‍സ് തുക ഈടാക്കിയാണ് ബുക്കിങ്ങ് സ്വീകരിക്കുന്നത്. 6 ലക്ഷം മുതൽ 10 ലക്ഷം രൂപ വരെയായിരിക്കും എക്സ്റ്ററിന്റെ എക്സ്ഷോറൂം വില വരുന്നത് എന്നാണ് റിപ്പോർട്ടുകൾ. നിരത്തില്‍ ശക്തമായ സാന്നിധ്യമായ ടാറ്റ പഞ്ച്, സിട്രോണ്‍ സി3 തുടങ്ങിയ വാഹനങ്ങളോടാണ് എക്‌സ്റ്റര്‍ മത്സരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *