ദേശാഭിമാനിയും ഡിവൈഎഫ്ഐയും ഞെട്ടുന്നു; പ്രതികരണവുമായി ഹരിത നേതാവ്
യുട്യൂബര്‍ തൊപ്പിയുടെ അറസ്റ്റില്‍ പ്രതികരണവുമായി ഹരിത നേതാവ് അഡ്വ. കെ തെഹാനി. തൊപ്പിയെ പോലുള്ള സാമൂഹിക വിരുദ്ധര്‍, സദാചാര- ധാര്‍മിക സംസ്കാരങ്ങളെ നിരന്തരം കടന്നാക്രമിക്കുന്ന സിപിഎം-എസ്എഫ്ഐ സംഘങ്ങളുടെ കൂടി ഉത്പന്നമാണെന്ന് എംഎസ്എഫ് ഹരിത നേതാവ് അഡ്വ. കെ തെഹാനി പ്രതികരിച്ചു. തൊപ്പിയുടെ അശ്ലീല സംഭാഷണം ചൂടുള്ള ചര്‍ച്ചയാകുന്ന സാഹചര്യത്തില്‍ ഡിവൈഎഫ്ഐ മുതല്‍ ദേശാഭിമാനി വരെ ഞെട്ടല്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
അതേസമയം ലിബറല്‍ സംഘങ്ങള്‍ അശ്ലീലം എന്നതിന്റെ മാനദണ്ഡം എന്താണെന്ന് ചോദിച്ചാണ് തൊപ്പിയുടെ അശ്ലീലത്തെ വിമര്‍ശിക്കുന്നവരെ നേരിടുന്നത്. ഇതേ ചോദ്യമാണ് കേരളത്തിലെ കാംപസുകളില്‍ എസ്എഫ്ഐ ചോദിച്ചുകൊണ്ടിരിക്കുന്നും തെഹാനി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
കാംപസുകളില്‍ അശ്ലീല പോസ്റ്ററുകളും ലൈംഗിക വൈകൃതങ്ങളുള്ള ചിത്രങ്ങളുടെ ബോര്‍ഡുകളും സ്ഥാപിച്ചത് എസ്എഫ്ഐ അല്ലേ? നിങ്ങളാരാണ് സദാചാരം തീരുമാനിക്കാന്‍? നിങ്ങളാരാണ് അശ്ലീലം തീരുമാനിക്കാന്‍ എന്നതായിരുന്നു എസ്എഫ്ഐക്കാരുടെ ചോദ്യം. എന്നാല്‍ തൊപ്പിയും തൊപ്പിയുടെ സംരക്ഷകരും ഈ ചോദ്യം തന്നെയാണ് ഇപ്പോള്‍ ചോദിക്കുന്നതെന്നും തെഹാനി വിമര്‍ശിച്ചു.
തൊപ്പിയെപ്പോലുള്ളവര്ക്ക് കേട്ടാലറയ്ക്കുന്ന അശ്ലീലം പറയാനും ലക്ഷക്കണക്കിന് കുട്ടികളെ വായില്‍ തോന്നുന്നത് പറയിപ്പിക്കുവാനും കഴിയുന്നത് എസ്എഫ്ഐ കൂടി നിര്‍മിച്ച ഇക്കോ സിസ്റ്റത്തിലാണെന്നും തെഹാനി ചൂണ്ടിക്കാട്ടി.