അറ്റ്‍ലാന്‍റിക് സമുദ്രത്തിൽ കാണാതായ ടൈറ്റന്‍ അന്തര്‍വാഹിനി തകർന്നതായി സ്ഥിരീകരിച്ചു
അറ്റ്‍ലാന്‍റിക് സമുദ്രത്തിൽ കാണാതായ ടൈറ്റന്‍ അന്തര്‍വാഹിനി തകർന്നതായി സ്ഥിരീകരിച്ചു. മാത്രമല്ല ടൈറ്റന്‍ അന്തര്‍വാഹിനിയിൽ സഞ്ചരിച്ചവരെല്ലാം മരണത്തിന് കീഴ്പ്പെട്ടതായാണ് റിപ്പോര്‍ട്ടുകൾ. ടൈറ്റാനിക് അവശിഷ്ടത്തിന്റെ വില്ലിൽ നിന്ന് ഏകദേശം 1,600 അടി (487 മീറ്റർ) ഉയരത്തിൽ വ്യാഴാഴ്ചയാണ് മുങ്ങിക്കപ്പലിന്റെ ഭാഗങ്ങൾ കണ്ടെത്തിയതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. അമേരിക്കൻ കോസ്റ്റ് ഗാർഡാണ് കപ്പലിന്റെ വിവരങ്ങൾ പുറത്ത് വിട്ടത്. എന്നാൽ ടൈറ്റന്റെ നാശത്തിലേക്ക് നയിച്ചത് എന്താണെന്ന് വ്യക്തമല്ലെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.
യുണൈറ്റഡ് സ്റ്റേറ്റ്സ് കോസ്റ്റ് ഗാർഡിനും മുഴുവൻ ഏകീകൃത കമാൻഡിനും വേണ്ടി, കുടുംബങ്ങൾക്ക് എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നതായി, ”റിയർ അഡ്മിറൽ ജോൺ മൗഗർ ഒരു വാർത്താ സമ്മേളനത്തിൽ പറഞ്ഞാതായും റിപ്പോര്‍ട്ടുകളിൽ പറയുന്നു. മരിച്ചവരുടെ മൃതദേഹങ്ങൾ വീണ്ടെടുക്കുന്നതിനുള്ള സാധ്യതയെക്കുറിച്ച് ചോദിച്ചപ്പോൾ, തനിക്ക് ഉത്തരമില്ലെന്നായിരുന്നു മൗഗർ പറഞ്ഞത്.. കടൽത്തീരത്ത് അവിശ്വസനീയമാംവിധം മോശം അന്തരീക്ഷമാണെന്നും അദ്ദേഹം പറഞ്ഞു.
ടൈറ്റൻ അന്തര്‍വാഹിനിയിലെ ഓക്സിജൻ തീർന്നിരിക്കാനാണ് സാധ്യതയെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ ഞായറാഴ്ച മുതൽ കാണാതായ അന്തര്‍വാഹിനിയിൽ 96 മണിക്കൂർ ഉപയോഗിക്കാനുള്ള ഓക്സിജനാണ് ഉണ്ടായിരുന്നത്. അന്തര്‍വാഹിനിക്കായി കപ്പലുകളും റിമോട്ടായി പ്രവർത്തിപ്പിക്കുന്ന റോബോട്ടുകളും അടക്കം അന്തര്‍വാഹിനിയെ കണ്ടെത്താനുള്ള തെരച്ചിലിൽ പങ്കെടുത്തിരുന്നു. പലതവണ കടലിന്റെ അടിത്തട്ടിൽ നിന്ന് ശബ്ദം കേട്ടെങ്കിലും ഇത് എന്താണെന്ന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
ലോകചരിത്രത്തിലെ അസാധാരണമായ ഒരു തെരച്ചിലിനാണ് അറ്റ്‍ലാന്‍റിക് സമുദ്രം സാക്ഷ്യം വഹിക്കുന്നത്. 1912 ൽ 2200 യാത്രക്കാരുമായി അറ്റ്‍ലാന്‍റിക് സമുദ്രത്തിൽ മഞ്ഞുമലയിൽ ഇടിച്ച് തകർന്ന് മുങ്ങിയ ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ 1985 ലാണ് ഗവേഷകർ കണ്ടെത്തിയത്. നൂറ്റാണ്ടിലേറെ കാലമായി കടലിന്റെ അടിത്തട്ടിൽ കിടക്കുന്ന ആ അവശിഷ്ടങ്ങൾ കാണാനായി അഞ്ച് സഞ്ചാരികളുമായി പോയ അന്തർവാഹിനിയാണ് കാണാതെയിരുന്നത്.
ഒഷ്യൻ ഗേറ്റ് എന്ന സ്വകാര്യ കമ്പനി നടത്തുന്ന ഈ ആഴക്കടൽ ടൂറിനായി ഒരാൾ നൽകേണ്ട ഫീസ് രണ്ട് കോടി രൂപയാണ്.എട്ട് മണിക്കൂർ സമയത്തിൽ കടനിലിനടിയിൽ പോയി ടൈറ്റാനിക് കണ്ട് തിരിച്ചു വരാം. അങ്ങനെ പോയ പേടകമാണ് ദിവസങ്ങള്‍ കഴിഞ്ഞിട്ടും തിരിച്ചു വരാതിരുന്നത്. കടലിലേക്ക് പോയി ഒന്നര മണിക്കൂർ കഴിഞ്ഞപ്പോൾ പേടകവുമായുളള ബന്ധം നഷ്ടമാവുകയായിരുന്നു.