കലഞ്ഞൂര്‍ മധുവിനെ പുറത്താക്കി ഗണേഷ് അകത്ത്
ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ നേതൃത്വത്തെ ചോദ്യം ചെയ്ത് നായര്‍ സര്‍വീസ് സൊസൈറ്റി പ്രതിനിധി സഭാ അംഗങ്ങള്‍. കോടികളുടെ അഴിമതി ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കെതിരെ പ്രതിനിധിസഭ രംഗത്തെത്തിയത്. കൃത്യമായ കണക്കുകള്‍ അവതരിപ്പിക്കാത്തതില്‍ പ്രതിഷേധിച്ച് ഇന്നു ചേര്‍ന്നുകൊണ്ടിരിക്കുന്ന പ്രതിനിധിസഭയില്‍ നിന്ന് ആറുപേര്‍ ഇറങ്ങിപ്പോയി.
കലഞ്ഞൂര്‍ മധു, പ്രശാന്ത് പി കുമാര്‍, മാനപ്പള്ളി മോഹന്‍ കുമാര്‍, വിജയകുമാരന്‍ നായര്‍, രവീന്ദ്രന്‍ നായര്‍, അനില്‍ കുമാര്‍ അടക്കമുള്ളവരാണ് ഇറങ്ങിപ്പോക്കിന് നേതൃത്വം നല്‍കിയത്. ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ ഏകാധിപത്യ നിലപാടില പ്രതിഷേധിച്ചാണ് ഇറങ്ങിപ്പോക്കെന്ന് പ്രതിനിധികള്‍ അറിയിച്ചു. മന്നം വിഭാവനം ചെയ്ത നിലപാടുകളില്‍ നിന്ന് നിലവിലെ നേതൃത്വം വ്യതിചലിച്ചെന്ന് കലഞ്ഞൂര്‍ മധു മാധ്യമങ്ങളോട് പറഞ്ഞു. 26 വര്‍ഷമായി ഡയറക്ടര്‍ ബോര്‍ഡ് അംഗമായ കലഞ്ഞൂര്‍ മധു, മന്ത്രി കെ.എന്‍ ബാലഗോപാലിന്റെ സഹോദരനാണ്.
സംഭവം പുറത്തായതോടെ വിശദീകരണവുമായി എന്‍എസ്എസ് നേതൃത്വം രംഗത്തെത്തിയിട്ടുണ്ട്. എന്‍എസ്എസില്‍ പ്രശ്‌നങ്ങളില്ലെന്നാണ് നേതൃത്വം പറയുന്നത്. പത്തനാപുരം എംഎല്‍എ കെബി ഗണേഷ് കുമാറിനെ എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കലഞ്ഞൂര്‍ മധുവിനെ ഒഴിവാക്കിയാണ് ഗണേഷിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. നിലവില്‍ പുനലൂര്‍ താലൂക്ക് എന്‍എസ്എസ് യൂണിയന്‍ പ്രസിഡന്റാണ് ഗണേഷ് കുമാര്‍. എന്‍.എസ്.എസിനെ തകര്‍ക്കാന്‍ ചിലര്‍ സംഘടനക്കുള്ളില്‍ നിന്ന് ശ്രമിക്കുകയാണെന്ന് ജി. സുകുമാരന്‍ നായര്‍ പറഞ്ഞു. കൊടുംചതിയാണ് അവര്‍ ചെയ്യുന്നത്. ഇത്തരക്കാര്‍ക്ക് സംഘടനയില്‍ സ്ഥാനമുണ്ടാകില്ലെന്നും അദ്ദേഹം പ്രതിനിധി സഭ യോഗത്തില്‍ വ്യക്തമാക്കി.
നായര്‍ സര്‍വീസ് സൊസൈറ്റിയില്‍ ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ക്കെതിരെ കോടികളുടെ അഴിമതി ആരോപണങ്ങള്‍ ഉയര്‍ത്തി ഒരു വിഭാഗം അംഗങ്ങള്‍ രംഗത്ത് വന്നതിന് പിന്നാലെയാണ് പ്രതിനിധി സഭയിലെ പൊട്ടിത്തെറി. നായര്‍ സമുദായ സംഘടനയുടെ തലപ്പത്തിരുന്ന് അഴിമതി, സ്വജനപക്ഷപാതം, ധൂര്‍ത്ത് എന്നിവയാണ് സുകുമാരന്‍ നായര്‍ നടത്തുന്നതെന്നും ആരോപിച്ചാണ് ഒരു വിഭാഗം രംഗത്തെത്തിയിരിക്കുന്നത്. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി ഹൈക്കോടതിയിലും നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലിലും ഹര്‍ജി നല്‍കിയിട്ടുണ്ട്. 2013 ഇല്‍ പാര്‍ലമെന്റ് പാസ്സാക്കിയ കമ്പനീസ് ആക്ടിന്റെ പൂര്‍ണമായ ലംഘനമാണ് സുകുമാരന്‍ നായര്‍ എന്‍എസ്എസിന്റെ തലപ്പത്തിരുന്നുകൊണ്ട് നടത്തിക്കൊണ്ടിരിക്കുന്നതെന്നാണ് ഹര്‍ജിയില്‍ ആരോപിച്ചിരുന്നത്.
നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന കന്യാകുമാരിയിലെ കോടികള്‍ വിലമതിക്കുന്ന സ്ഥലം പോലും സുകുമാരന്‍ നായരുടെ ആശീര്‍വാദത്തോടെ വിറ്റു. കുറെ വര്‍ഷങ്ങളായി ഒരുതരത്തിലും പുരോഗതിയിലേക്കു നായര്‍ സര്‍വീസ് സൊസൈറ്റിയെ നയിക്കാന്‍ സുകുമാരന്‍ നായര്‍ക്ക് കഴിഞ്ഞിട്ടില്ല എന്നുമാത്രമല്ല മന്നത്ത് ആചാര്യന്‍ കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്ത സ്വത്തുവകകള്‍ പലതും സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് വേണ്ടി വില്‍ക്കുകയാണെന്നും പരാതിക്കാര്‍ ആരോപണം ഉയര്‍ത്തുന്നു.
സുകുമാരന്‍ നായരുടെ കുടുംബത്തിലുള്ളവര്‍ എന്‍എസ്എസിന്റെ താക്കോല്‍ സ്ഥാനങ്ങളില്‍ കയറിക്കൂടി. സമുദായ അംഗങ്ങള്‍ യാതൊരു പ്രയോജനവും സംഘടന കൊണ്ടില്ലെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യങ്ങള്‍ കഴിഞ്ഞ പത്രസമ്മേളനം വിളിച്ച് മുന്‍ എന്‍എസ്എസ് വൈസ് പ്രസിഡണ്ടും രജിസ്ട്രാറും ആയിരുന്ന പ്രൊ. വി പി ഹരിദാസ്,മുന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം ഡോ സി ആര്‍ വിനോദ് കുമാര്‍, മന്നത്ത് പത്മനാഭന്റെ കൊച്ചുമകന്‍ ശ്രീ ശങ്കര്‍ മന്നത്ത് തുടങ്ങിയവര്‍ വെളിപ്പെടുത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് കമ്പനീസ് ആക്ട് പ്രകാരമുള്ള 14 ഓളം നിയമങ്ങള്‍ ലംഘിച്ചുവെന്ന് കാട്ടി പരാതി ഉയര്‍ത്തിയിരിക്കുന്നത്. എന്നാല്‍, വിവിധ അഴിമതികളുടെ തെളിവുകള്‍ പുറത്തുവന്നിട്ടും പ്രതികരിക്കാന്‍ സുകുമാരന്‍ നായര്‍ തയാറായിട്ടില്ല. അഴിമതി കണക്കുകള്‍ പുറത്തുവന്നതോടെ ചില കരയോഗങ്ങളും ജി സുകുമാരന്‍ നായരെ ചോദ്യം ചെയ്ത് രംഗത്തെത്തിയിട്ടുണ്ട്. ഇതോടെ പ്രതിസന്ധിയിലായ നേതൃത്വം താലൂക്ക് യൂണിയനുകളുടെ ചുമതലയുള്ള എല്ലാ കരയോഗങ്ങള്‍ക്കും വിശദീകരണ സര്‍ക്കുലര്‍ അയച്ചിരുന്നു.