രണ്ടുമൈല്‍ ആഴത്തില്‍ ടൈറ്റന്‍, ഓക്‌സിജന്‍ ഇന്ന് തീരും; ശബ്ദതരംഗം പ്രതീക്ഷ
ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ സന്ദര്‍ശിക്കാനെത്തി ഉത്തര അറ്റ്‌ലാന്റിക്കില്‍ അപ്രത്യക്ഷമായ ടൂറിസ്റ്റ് അന്തര്‍വാഹിനി ടൈറ്റന്‍ കണ്ടെത്താനുള്ള ശ്രമങ്ങളില്‍ നേര്‍ത്ത പ്രതീക്ഷ. അന്തര്‍വാഹിനിയുള്ള ഭാഗത്ത് കടലിനടിയില്‍നിന്ന് കനേഡിയന്‍ സൈനിക നിരീക്ഷണ വിമാനങ്ങളില്‍നിന്നുള്ള ഉപകരണങ്ങള്‍ ശബ്ദതരംഗങ്ങള്‍ പിടിച്ചെടുത്തതായി യു.എസ് കോസ്റ്റ്ഗാര്‍ഡ് അറിയിച്ചു.
ഒരുദിവസത്തേക്കുള്ള ഓക്‌സിജന്‍ മാത്രമാണ് ടൈറ്റനിലുള്ളത്. 3800 മീറ്റര്‍ ആഴത്തിലുള്ള അന്തര്‍വാഹിയുടെ സമീപത്ത് എങ്ങനെ എത്തുമെന്നതാണ് രക്ഷാപ്രവര്‍ത്തകരെ കുഴക്കുന്നത്. പ്രാദേശികസമയം വ്യാഴാഴ്ച രാവിലെ ആറ് മണിയോടെ അന്തര്‍വാഹിനിയിലെ ഓക്‌സിജന്‍ തീരുമെന്നത് ഏറെ ആശങ്കാജനകമാണ്. നാല് ദിവസത്തേക്കുള്ള ഓക്‌സിജനായിരുന്നു ടൈറ്റനിലുള്ളത്. അരമണിക്കൂര്‍ ഇടവിട്ട് അന്തര്‍വാഹിനിയില്‍നിന്നുള്ള ശബ്ദം കേള്‍ക്കുന്നതായി ‘റോളിങ് സ്‌റ്റോണ്‍’ മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്തു.
രണ്ട് തരത്തിലുള്ള ആശയവിനിമയ സംവിധാനങ്ങളാണ് ടൈറ്റനിലുള്ളതെന്ന് കഴിഞ്ഞവര്‍ഷം ടൈറ്റനില്‍ ടൈറ്റാനിക്കിലേക്ക് സഞ്ചരിച്ച സി.ബി.എസ് ന്യൂസിലെ മാധ്യമപ്രവര്‍ത്തകന്‍ ഡേവിഡ് പോഗ് പറഞ്ഞു. കപ്പലിലേക്കുള്ള സന്ദേശങ്ങളും ഓരോ 15 മിനിറ്റിലും പുറപ്പെടുവിക്കുന്ന സുരക്ഷാമുഴക്കങ്ങളുമാണിത്.
എല്ലാവരും അബോധാവസ്ഥയിലാണെങ്കിലും പ്രവര്‍ത്തിക്കുന്ന സുരക്ഷാസംവിധാനം അന്തര്‍വാഹിനിക്കുണ്ടായിരുന്നു. ബ്രിട്ടീഷ് പൗരനായ പാകിസ്താനി ബിസിനസുകാരന്‍ ഷഹ്‌സാദ ദാവൂദ്, മകന്‍ സുലൈമാന്‍, ബ്രിട്ടീഷ് പര്യവേക്ഷകന്‍ ഹാമിഷ് ഹാര്‍ഡിങ്, ടൂറിസം പദ്ധതിയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന ‘ഓഷ്യന്‍ ഗേറ്റ്’ ചീഫ് എക്‌സിക്യൂട്ടിവ് സ്റ്റോക്ടണ്‍ റഷ്, ഫ്രഞ്ച് പര്യവേക്ഷകന്‍ പോള്‍ ഹെന്റി നര്‍ജിയോലെറ്റ് എന്നിവരാണ് അന്തര്‍വാഹിനിയിലുള്ളത്.
കനേഡിയന്‍ നാവികസേനയ്‌ക്കൊപ്പം യുഎസ് കോസ്റ്റ്ഗാര്‍ഡും ഫ്രാന്‍സും പങ്കെടുക്കുന്ന തീവ്രമായ തിരച്ചില്‍ തുടരുകയാണ്. ഡീപ് എനര്‍ജി എന്ന കപ്പലും കോസ്റ്റ്ഗാര്‍ഡിന്റെ രണ്ട് സി – 130 വിമാനങ്ങളും അരിച്ചുപെറുക്കുന്നുണ്ട്. സോണര്‍ ബോയ് സംവിധാനമുപയോഗിച്ച കനേഡിയന്‍ പി-3 വിമാനം ഇന്നലെ ഉച്ചയോടെ പിടിച്ചെടുത്ത മുഴക്കമാണ് ഏക പ്രതീക്ഷ.