തെരുവുനായയുടെ ആക്രമണത്തില്‍ കുട്ടി മരിച്ചത് ദൗര്‍ഭാഗ്യകരമായ സംഭവം; സുപ്രീം കോടതി

Spread the love

തെരുവുനായ ആക്രമണത്തില്‍ കുട്ടി മരിച്ചത് ദൗര്‍ഭാഗ്യകരമായ സംഭവമെന്ന് സുപ്രീം കോടതി. അക്രമകാരികളായ തെരുവുനായ്ക്കളെ ദയാവധം ചെയ്യാന്‍ അനുവാദം നല്‍കണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് ജൂലൈ 12ലേക്ക് മാറ്റി. കേന്ദ്ര സര്‍ക്കാര്‍ ഉള്‍പ്പെടെയുള്ള എതിര്‍ കക്ഷികള്‍ക്ക് കേസില്‍ നോട്ടീസയച്ചു. മറുപടി ജൂലൈ ഏഴിനകം നല്‍കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.

ഈ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കുട്ടി മരിച്ച സംഭവത്തില്‍ സുപ്രീം കോടതി പരാമര്‍ശം നടത്തുന്നത്. സുപ്രീം കോടതിയില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി പി ദിവ്യയ്ക്കായി അഭിഭാഷകന്‍ കെ ആര്‍ സുഭാഷ് ചന്ദ്രനാണ് ഹര്‍ജി പരാമര്‍ശിച്ചത്. തെരുവുനായ ആക്രമണം രൂക്ഷമായ വിഷയമാണെന്നും, ആക്രമണത്തില്‍ ഓട്ടിസം ബാധിച്ച കുട്ടി മരിച്ചതും അഭിഭാഷകന്‍ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടുകയായിരുന്നു.

ഇക്കാര്യത്തില്‍ അടിയന്തര നടപടി ഉണ്ടാകണമെന്ന് അഭിഭാഷകന്‍ അഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, എം എം സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ചാണ് തെരുവുനായ ആക്രമണത്തില്‍ കുട്ടി മരിച്ചത് ദൗര്‍ഭാഗ്യകരമായ സംഭവമാണെന്ന് വ്യക്തമാക്കിയത്.

അതേസമയം തെരുവുനായയുടെ ആക്രമണം സംസ്ഥാനത്ത് കൂടിവരുന്ന സാഹചര്യമാണ്. കണ്ണൂര്‍ മുഴപ്പിലങ്ങാട് തെരുവുനായയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്നാം ക്ലാസുകാരി അപകട നില തരണം ചെയ്തു. വീട്ടുമുറ്റത്ത് വെച്ചാണ് ജാന്‍വിയെ തെരുവുനായകള്‍ വളഞ്ഞിട്ട് ആക്രമിക്കുന്നത്. ആക്രമണത്തില്‍ കുട്ടിയ്ക്ക് തലയിലും കാലിലും ആഴത്തില്‍ മുറിവേറ്റിരുന്നു. രക്ഷിതാക്കള്‍ ഓടിയെത്തിയതിനാലാണ് വലിയ അപകടം ഒഴിവായത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇതേ സ്ഥലത്ത് തന്നെ ഓട്ടിസം ബാധിച്ച 11 വയസുകാരന്‍ നിഹാല്‍ നൗഷാദ് തെരുവുനായയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *