ഗൂഢാലോചന അന്വേഷിക്കണമെന്ന് കെപിസിസി, സുധാകരന്റെ ഹർജി ഇന്ന് ഹൈക്കോടതിയിൽ
മോൻസൻ മാവുങ്കിൽ പ്രതിയായ പോക്സോ കേസുമായി ബന്ധപ്പെട്ട് കെപിസിസി അധ്യക്ഷൻ കെ സുധാകരന് എതിരായ സിപിഎം ആരോപണം അന്വേഷിക്കണമെന്ന് കെപിസിസി. ഇക്കാര്യത്തിൽ ഗൂഢാലോചനയുണ്ടെന്നും അത് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഇന്ന് പൊലീസിൽ പരാതി നൽകും.സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ടി യു രാധാകൃഷ്ണനാണ് ഡിജിപിക്ക് പരാതി നൽകുക.
മോന്സണ് മാവുങ്കല്‍ പ്രതിയായ പോക്സോ കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനെതിരെ ഗുരുതര ആരോപണവുമായി സി.പി.എം രംഗത്തുവന്നിരുന്നു. മോന്സണ് തന്നെ പീഡിപ്പിക്കുമ്പോള്‍ സുധാകരന് അവിടെയുണ്ടായിരുന്നുവെന്ന് കുട്ടി തന്നെ പറഞ്ഞുവെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് പറഞ്ഞു.ഇതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്.
അതേസമയം പുരാവസ്തു തട്ടിപ്പ് കേസിൽ മുൻകൂർ ജാമ്യം തേടി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പരാതിക്കാരുടെ ആദ്യപരാതിയിൽ തന്റെ പേര് ഇല്ലായിരുന്നുവെന്നും രാഷ്ട്രീയ പ്രേരിതമായ കേസ് എന്നാണ് കെപിസിസി പ്രസിഡന്റിന്റെ വാദം. കേസിൽ ചോദ്യം ചെയ്യലിന് വെള്ളിയാഴ്ച ഹാജരാകാനാണ് സുധാകരന് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിരിക്കുന്നത്.