അവിവാഹിതയാണെന്ന പരിഗണന തേടി വീണ്ടും വിദ്യ; കാസർകോട് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു
വ്യാജരേഖ കേസിൽ വീണ്ടും മുൻകൂർ ജാമ്യം തേടി മുൻ എസ്എഫ്ഐ നേതാവും, ഗവേഷകയുമായ കെ വിദ്യ. ഇത്തവണ കാസർകോട് ജില്ലാ സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ സമർപ്പിച്ചത്. അവിവാഹിതയാണ് ആ പരിഗണ നൽകണമെന്നാണ് ഇപ്പോൾ നൽകിയ ജാമ്യാപേക്ഷയിലും വിദ്യ പറയുന്നത്.
ജാമ്യം നിഷേധിക്കേണ്ട തരത്തിലുള്ള കുറ്റം ചെയ്തിട്ടില്ലെന്നും ഹർജിയിലുണ്ട്. ജാമ്യ ഹർജി ഈ മാസം 24 ന് കോടതി പരിഗണിക്കും. നേരത്തെ ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലും വിദ്യ അവിവാഹിതയാണെന്ന കാര്യം പരിഗണിക്കണമെന്ന് പറഞ്ഞിരുന്നു. പ്രതി ചെറുപ്പമാണ്. അറസ്റ്റ് ചെയ്യുന്നത് ഭാവിയെ ബാധിക്കുമെന്നും ഹർജിയിലുണ്ടായിരുന്നു.
അട്ടപ്പാടി കോളേജിൽ വ്യാജ രേഖ ചമച്ചെന്ന കേസിൽ പ്രതിയായ കെ വിദ്യ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി അടുത്തയാഴ്ചയിലേക്ക് മാറ്റി. ജസ്റ്റിസ് ബച്ചു കുര്യൻ തോമസിന്റെ ബഞ്ചിലാണ് ഹർജി.
വ്യാജ തൊഴിൽ പരിചയ സർട്ടിഫിക്കറ്റുമായി അഭിമുഖത്തിന് ഹാജരായ വിദ്യക്കെതിരെ ജൂണ്‍ ആറിനാണ് കേസെടുത്തത്. പതിനഞ്ച് ദിവസമായി വിദ്യ ഒളിവിലാണ്. ഒളിവിലിരിക്കുന്ന വിദ്യയെ ഇതുവരെ പൊലീസ് പിടിക്കാൻ കഴിഞ്ഞില്ലെങ്കിലും കൃത്യമായി നിയനടപടികളുമായി വിദ്യ മുന്നോട്ട് നീങ്ങുന്നുണ്ട്.