അണ്ണന് രാഷ്ട്രീയത്തില്‍ വരണം, സിനിമയില്‍ മാത്രമല്ല എല്ലാ മേഖലയിലും അണ്ണന് ഗില്ലിയായിരിക്കണം; വിജയ്യോട് വിദ്യാര്‍ത്ഥിനി
നടന് വിജയ്യുടെ രാഷ്ട്രീയ അരങ്ങേറ്റത്തിനായാണ് തമിഴകം കാത്തിരിക്കുന്നത്. വിജയ് രാഷ്ട്രീയത്തിലേക്ക് വരണമെന്ന് പറഞ്ഞു കൊണ്ട് പ്രസംഗിക്കുന്ന ഒരു വിദ്യാര്‍ത്ഥിനിയുടെ വാക്കുകളാണ് ഇപ്പോള്‍ വൈറലാകുന്നത്. ആരാധക സംഘടനയായ വിജയ് മക്കള്‍ ഇയക്കം വിദ്യാര്‍ഥികള്‍ക്ക് വേണ്ടി സംഘടിപ്പിച്ച പൊതുപരിപാടിയിലാണ് ഒരു വിദ്യാര്‍ത്ഥിനി സംസാരിച്ചത്.
”എനിക്ക് അണ്ണനെ ഒരുപാട് ഇഷ്ടമാണ്. ഞാന്‍ സ്വന്തം അണ്ണനായിട്ടാണ് കാണുന്നത്. സിനിമകളും വലിയ ഇഷ്ടമാണ്. ഓരോ സിനിമകളും എത്ര തവണ കണ്ടുവെന്ന് അറിയില്ല. എന്റെ ഹൃദയത്തില്‍ സ്പര്‍ശിച്ചത് എന്തെന്ന് വച്ചാല്‍, ഒരു വോട്ടിനെ കുറിച്ച് എത്ര ആഴത്തില്‍ ഒരു കുട്ടിക്ക് പറഞ്ഞു കൊടുക്കാമോ അത്രയും നന്നായി അണ്ണന് പറഞ്ഞു കൊടുത്തിരിക്കുന്നു.”
പൊതു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കുന്ന ഒരു ചടങ്ങിലാണ് വിജയ് പങ്കെടുത്തത്. 234 നിയമസഭാ മണ്ഡലങ്ങളിലെ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ടായിരുന്നു പരിപാടി സംഘടിപ്പിച്ചത്. പരിപാടിയില്‍ കാശ് വാങ്ങി വോട്ട് ചെയ്യുന്നതിനെതിരെ വിജയ് സംസാരിച്ചിരുന്നു.