അയാള്‍ പറയുന്നതും അട്ടഹസിക്കുന്നതും അശ്ലീല ഭാഷയില്‍, തൊപ്പിമാരില്‍ നിന്നും മക്കളെ കാക്കണേ തമ്പുരാനെ..: ഷുക്കൂര്‍ വക്കീല്‍
‘തൊപ്പി’ എന്ന യൂട്യൂബര്‍ക്കെതിരെ പ്രതികരിച്ച് നടനും അഭിഭാഷകനുമായ ഷൂക്കൂര്‍. തൊപ്പി എന്നറിയപ്പെടുന്ന യൂട്യൂബര്‍ നിഹാദ് സിനിമയില്‍ അഭിനയിക്കാനൊരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ അടുത്തിടെ എത്തിയിരുന്നു. വിജയ് ബാബു നിര്‍മ്മിക്കുന്ന ചിത്രത്തിലാണ് ഇയാള്‍ അഭിനയിക്കുന്നത്. കണ്ണൂര്‍ ശൈലിയിലുള്ള സംസാരത്തിലൂടെ ഫാന്‍സിനെ സൃഷ്ടിച്ച തൊപ്പി, അശ്ലീല സംഭാഷണത്തിന്റെയും മറ്റും പേരില്‍ വിമര്‍ശനവും നേരിടുന്നുണ്ട്.
ഷുക്കൂര്‍ വക്കീലിന്റെ കുറിപ്പ്:
ഇക്കഴിഞ്ഞ ശനിയാഴ്ച ഒരു ഷൂട്ടിനിടയില്‍ സ്കൂള്‍ കുട്ടികളുമായി വര്‍ത്താനം പറഞ്ഞത്. അവരോട് സംസാരിക്കുന്നതിനിടയിലാണ് പ്രിയ സുഹൃത്ത് Santhosh Keezhattoor അവരോട് തൊപ്പിയെ അറിയുമോ? ഫോളോ ചെയ്യുന്നുണ്ടോ? തുടങ്ങിയ കാര്യങ്ങള്‍ ചോദിച്ചതും കുട്ടികളില്‍ പലരും ആ തൊപ്പിയെ ഫോളോ ചെയ്യുന്നുണ്ടെന്നറിഞ്ഞതും.
അങ്ങിനെ സന്തോഷില്‍ നിന്നാണ് തൊപ്പിയെ അറിഞ്ഞത്. യൂട്യൂബില്‍ ഞങ്ങള്‍ അയാളെ Search ചെയ്തപ്പോള്‍ 690 K Subscribers. Instaയില്‍ 757 K followers. അയാള്‍ പറയുന്നതും അട്ടഹസിക്കുന്നതും അശ്ലീല ഭാഷയില്‍. രാവിലെ പത്താം ക്ലാസുകാരി മോളോട് ഇയാളെ കുറിച്ചു ചോദിച്ചു.
അവള് ഫോളോ ചെയ്യുന്നില്ല, ക്ലാസിലെ ചില ആണ് കുട്ടികള്‍ മോളോട് ചോദിച്ച ഒരു ചോദ്യത്തില്‍ നിന്നാണ് തൊപ്പിയെ കുറിച്ചു അവള് അറിഞ്ഞത്. ‘ഫാത്തിമ നിങ്ങള്‍ക്ക് പാട്ടു കേള്‍ക്കല്‍ ഹറാമാണോ?’ ആ ചോദ്യത്തിന്റെ ഉറവിടം അന്വേഷിച്ചപ്പോഴാണ് തൊപ്പിയാണ് ഈ പാട്ട് ഹറാം കഥയ്ക്ക് പിന്നിലെന്നു മോളു കണ്ടെത്തിയത്! തൊപ്പിമാരില്‍ നിന്നും മക്കളെ കാക്കണേ തമ്പുരാനെ.