‘മാമന്നന്‍’ സിനിമയുടെ റിലീസ് തടയണം; മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജിയുമായി നിര്‍മ്മാതാവ്
മാരി സെല്‍വരാജിന്റെ സംവിധാനത്തില്‍ എത്തുന്ന ‘മാമന്നന്‍’ ചിത്രത്തിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി. ഉദയനിധി സ്റ്റാലിന്‍, ഫഹദ് ഫാസില്‍, വടിവേലു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ മാമന്നന്‍, ജൂണ്‍ 29ന് ആണ് റിലീസ് ചെയ്യാനൊരുങ്ങുന്നത്.
രാമ ശരവണന്‍ എന്ന നിര്‍മ്മാതാവാണ് ചിത്രത്തിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. ചിത്രം റിലീസ് ചെയ്യുന്നതിന് മുമ്പ് ഉദയനിധി സ്റ്റാലിന്‍ 25 കോടി നഷ്ടപരിഹാരം നല്‍കണം. അല്ലെങ്കില്‍ സിനിമയുടെ റിലീസ് തടയണം എന്നാണ് പരാതിക്കാരന്റെ ഹര്‍ജിയില്‍ പറയുന്നത്.
ഉദയനിധി സ്റ്റാലിനെ നായകനാക്കി 2018ല്‍ ‘ഏയ്ഞ്ചല്‍’ എന്ന സിനിുമ ചിത്രീകരണം ആരംഭിച്ചിരുന്നു. 80 ശതമാനം ഷൂട്ടിംഗ് പൂര്‍ത്തിയായിരുന്നു, ഇതിന്റെ ബാക്കി 20 ചിത്രീകരിക്കാന്‍ ഉദയനിധി സ്റ്റാലിന്‍ ഡേറ്റ് നല്‍കിയില്ല എന്നാണ് നിര്‍മ്മാതാവ് ആരോപിക്കുന്നത്. തന്റെ ചിത്രത്തിന് മുമ്പ് ഉദയനിധി തന്നെ നിര്‍മ്മിക്കുന്ന ചിത്രം ഇറങ്ങിയാല്‍ അത് തനിക്ക് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കും എന്നാണ് ഇയാള്‍ ഹര്‍ജിയില്‍ പറയുന്നത്.
ഹര്‍ജി സ്വീകരിച്ച് കോടതി ഉടന്‍ വാദം കേള്‍ക്കും എന്നാണ് റിപ്പോര്‍ട്ട്. യോഗി ബാബു, ആനന്ദി, പായല്‍ രാജ്പുത്ത് അടക്കം താരനിരയുമായി പ്രഖ്യാപിക്കപ്പെട്ട ചിത്രമാണ് എയ്ഞ്ചല്‍. എന്നാല്‍ ചിത്രം പൂര്‍ത്തീകരിച്ചില്ല. അതേസമയം, മാമന്നന്‍ പൂര്‍ണ്ണമായും രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ ഉദയനിധിയുടെ അവസാനത്തെ ചിത്രമാണ്.