ജാമ്യത്തിൽ ഇറങ്ങിയ കൊലക്കേസ് പ്രതിയെ പട്ടാപ്പകല്‍ വെട്ടിക്കൊന്നു
കൊലക്കേസില്‍ ജാമ്യത്തിലിറങ്ങിയ യുവാവിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്നു. മധുര സ്വദേശിയായ വിനീതിനെയാണ് ആറംഗ സംഘം വടിവാളുമായിയെത്തി വെട്ടിയത്. കൊലപാതകം ഉള്‍പ്പെടെയുള്ള നിരവധി കേസുകളില്‍ പ്രതിയായ വിനീതിന് അടുത്തിയെയാണ് ജാമ്യം ലഭിച്ചത്. കഴിഞ്ഞ ദിവസം ജാമ്യ വ്യവസ്ഥയുടെ ഭാഗമായി കാരൈക്കുടി സൗത്ത് പൊലീസ് സ്റ്റേഷനില്‍ ഒപ്പിടുന്നതിന് വേണ്ടി ഇയാള്‍ സുഹൃത്തുക്കള്‍ക്കൊപ്പം കാരൈക്കുടിയില്‍ എത്തിയതായിരുന്നു.
രാവിലെ പോലീസ് സ്റ്റേഷനിലേക്ക് പുറപ്പെടാന്‍ ലോഡ്ജില്‍ നിന്ന് ഇറങ്ങിയപ്പോള്‍ ആറംഗ സംഘം ഇയാളെ വളയുകയും തുടര്‍ന്ന് വിനീത് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ അക്രമിസംഘവും പിന്നാലെ കൂടി.
തുടര്‍ന്ന് വിനീതിനെ അക്രമിസംഘം പിടികൂടുകയും തലങ്ങും വിലങ്ങും വെട്ടിയതിന് ശേഷം വാഹനത്തില്‍ കയറി രക്ഷപ്പെടുകയും ചെയ്തു. വിവരമറിഞ്ഞെത്തിയ പൊലീസ് വിനീതിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പ്രതികള്‍ ഉടന്‍ തന്നെ പൊലീസ് പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു.
അതേസമയം വിനീത് പ്രതിയായ കേസിന്റെ പശ്ചാത്തലങ്ങള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്. എന്നാല്‍ നിലവിലെ ആക്രമണം കേസുമായി ബന്ധപ്പെട്ടതല്ലെന്നാണ് പൊലീസ് വ്യക്തമാക്കി.