സെന്‍സര്‍ ബോര്‍ഡ് ധൃതരാഷ്ട്രരാണോ? ‘ആദിപുരുഷി’നെതിരെ കോണ്‍ഗ്രസും സമാജ്വാദി പാര്‍ട്ടിയും; അണിറപ്രവര്‍ത്തകര്‍ക്ക് വധഭീഷണി
ഹിന്ദു സേനയ്ക്ക് പിന്നാലെ ‘ആദിപുരുഷ്’ നിരോധിക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസും സമാജ്വാദി പാര്‍ട്ടിയും. സിനിമ നിരോധിക്കണമെന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ശ്രീരാമനെയും ഹനുമാനെയും അപമാനിക്കുന്ന സിനിമ നിരോധിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടുവരണമെന്ന് പിസിസി അധ്യക്ഷന്‍ നാനാപട്ടോളെ ആവശ്യപ്പെട്ടു.
ഹിന്ദുത്വസംരക്ഷകള് എന്ന് അവകാശപ്പെടുന്ന ബിജെപിയുടെ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ എന്ത് നിലപാടാണ് സ്വീകരിക്കുകയെന്ന് വ്യക്തമാക്കണമെന്നും പട്ടോളെ ആവശ്യപ്പെട്ടു. മോശവും അന്തസാരമില്ലാത്തതുമായ സംഭാഷണങ്ങളിലൂടെ വിശ്വാസികളെ വേദനിപ്പിച്ച സിനിമ പ്രത്യേക അജണ്ടയുടെ ഭാഗമാണെന്ന് സമാജ്വാദി പാര്‍ട്ടി ആരോപിച്ചു.
സെന്‍സര്‍ ബോര്‍ഡ് മഹാഭാരതത്തിലെ ധൃതരാഷ്ട്രരെ പോലേയാണോ എന്നാണ് എസ്പി നേതാവ് അഖിലേഷ് യാദവ് ചോദിച്ചത്. വധഭീഷണിയുള്ളതിനാല്‍ സംഭാഷണ രചയിതാവായ മനോജ് ശുക്ളയ്ക്കും തിരക്കഥാകൃത്ത് മനോജ് മുഷന്തീറിനും മുംബൈ പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി. ക്ഷത്രീയ കര്‍ണിസേനയാണ് സിനിമയുമായി ബന്ധപ്പെട്ടവര്‍ക്കെതിരേ ഭീഷണിയുമായി രംഗത്തുവന്നിട്ടുള്ളത്.
മറ്റുള്ളവരുടെ വികാരം വ്രണപ്പെടുത്താന്‍ ആര്‍ക്കും അധികാരമില്ലെന്നും സിനിമയില്‍ മാറ്റംവരുത്താന്‍ സംവിധായകനും തിരക്കഥാകൃത്തും തയ്യാറാകണമെന്നും വാര്‍ത്താവിതരണമന്ത്രി അനുരാഗ് ശുക്ള പറഞ്ഞു. രാമായണത്തിന്റെ വികലമായ ചിത്രീകരണമാണ് സിനിമയെന്ന് ആരോപിച്ച് ചിത്രത്തിന്റെ പ്രദര്‍ശനം ഹിന്ദുത്വസംഘടന മുംബൈയില്‍ തടഞ്ഞു.
മുംബൈ നല്ലസൊപ്പാര കാപ്പിറ്റല്‍ മാളിലെ തിയേറ്ററിലായിരുന്നു സംഭവം. രാഷ്ട്രപ്രഥം എന്ന സംഘടനയുടെ പ്രവര്‍ത്തകരാണ് തിയേറ്റില്‍ കടന്ന് പ്രദര്‍ശനം നിര്‍ത്തിവെപ്പിച്ചത്. പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളോടെ തിയേറ്ററിനകത്ത് പ്രവേശിക്കുകയായിരുന്നു.