തമിഴ്നാട്ടില്‍ പരക്കെ മഴ: ചെന്നൈ മുങ്ങി, സ്കൂളുകള്‍ക്ക് അവധി; വിമാനങ്ങള്‍ തിരിച്ചുവിട്ടു
തമിഴ്നാട്ടില്‍ പരക്കെ മഴ. പെരുമഴയില്‍ ചെന്നൈ നഗരം മുങ്ങി. കനത്ത മഴയെ തുടര്‍ന്ന് പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. ഒ.എം.ആര് റോഡില്‍ ഗതാഗതം തടസപ്പെട്ടു. മഴ രൂക്ഷമായതിനെ തുടര്‍ന്ന് ചെന്നൈ, ചെങ്കല്‍പെട്ട്, കാഞ്ചീപുരം, തിരുവള്ളൂര്‍ ജില്ലകളില്‍ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ആര്. കെ റോഡില്‍ മരം റോഡിലേക്ക് വീണെങ്കിലും ഫയര്‍ ഫോഴ്സെത്തി രാവിലെയോടെ ഗതാഗതം പുനസ്ഥാപിച്ചു. കാലാവസ്ഥ പ്രതികൂലമായതിനെ തുടര്‍ന്ന് ചെന്നൈ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടേണ്ട വിമാനങ്ങള്‍ വൈകുന്നു. 9 വിമാനങ്ങള്‍ ബെംഗളൂരുവിലേക്ക് തിരിച്ചുവിട്ടു. 1996 ന് ശേഷം ജൂണില്‍ ഇത്രയും മഴ ലഭിക്കുന്നത് ആദ്യമായാണ്.
കേരളത്തില്‍ ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. പത്തനംതിട്ട മുതല്‍ തൃശ്ശൂര്‍ വരെയും, മലപ്പുറം ജില്ലയിലുമാണ് ഇന്ന് മഴ മുന്നറിയിപ്പ്. ഒറ്റപെട്ടയിടങ്ങളില്‍ ശക്തമായ മഴ പ്രതീക്ഷിക്കാം.
2023 ജൂണ്‍ 18 മുതല്‍ 22 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലിനും മണിക്കൂറില്‍ 30 മുതല്‍ 40 കി.മീ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. കേരളാ, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്.