നല്ല മനസ്സ് തങ്ക മനസ്സ്.. സാഹയുടെ മികച്ച തീരുമാനം കണ്ട് കൈയടിച്ച് ആരാധകർ;
മുതിർന്ന ഇന്ത്യൻ വിക്കറ്റ് കീപ്പർ-ബാറ്ററായ വൃദ്ധിമാൻ സാഹ വരാനിരിക്കുന്ന ദുലീപ് ട്രോഫിയിൽ നിന്ന് സ്വയം ഒഴിവായിരിക്കുകയാണ്. യുവാക്കൾക്കും വരാനിരിക്കുന്ന ക്രിക്കറ്റ് താരങ്ങൾക്കും വഴിയൊരുക്കാനാണ് താൻ ഇങ്ങനെ ചെയ്തതെന്ന് എന്നാണ് സാഹ പറഞ്ഞത് . ദേശീയ ടീമിനെ പ്രതിനിധീകരിക്കാൻ ആഗ്രഹിക്കുന്ന കളിക്കാരെ പ്രധാനമായും അവതരിപ്പിക്കുന്ന ടൂർണമെന്റ് ആയിട്ട് കൂടി , 38 കാരനായ താരം ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ആഭ്യന്തര മത്സരങ്ങളിൽ നിന്ന് വിട്ടുനിന്നു.
ജൂലൈ ആദ്യവാരം ഇന്ത്യാ ടീമിനായുള്ള വിൻഡീസ് പര്യടനത്തിൽ പങ്കാളിയായതിനാൽ ഇഷാൻ കിഷന് പകരം ഈസ്റ്റ് സോൺ ടീമിൽ ഇടം നേടാൻ ത്രിപുര സെലക്ടർ ജയന്ത ഡേ വൃദ്ധിമാൻ സാഹയെ ബന്ധപ്പെട്ടു. എന്നാൽ ദേശീയ ടീമിൽ ഇടം ലഭിക്കാത്ത സാഹ മത്സരത്തിൽ കളിക്കാനുള്ള അവസരം നിരസിച്ചു.
ക്രിക്കറ്റ് അസോസിയേഷൻ ഓഫ് ബംഗാൾ (സിഎബി)യുമായുള്ള വീഴ്ചയ്ക്ക് ശേഷം ത്രിപുരയിലേക്ക് മാറിയ സാഹ, തന്നെ ദേശീയ ടീമിലേക്ക് പരിഗണിക്കാത്തതിനാൽ ഒരു യുവതാരത്തിന്റെ സാധ്യതകൾ തടയാൻ ആഗ്രഹിക്കുന്നില്ലെന്ന് സെലക്ടറോട് പറഞ്ഞു. ടൂർണമെന്റിന്റെ 16-ാം പതിപ്പിൽ ഐപിഎൽ അരങ്ങേറ്റം കുറിച്ച യുവ വിക്കറ്റ് കീപ്പർ-ബാറ്റർ അഭിഷേക് പോറൽ ആയിരിക്കും ഈസ്റ്റ് സോണിന്റെ ഒന്നാം നിര വിക്കറ്റ് കീപ്പർ, ജയന്ത ഡേ സ്ഥിരീകരിച്ചു.
“അദ്ദേഹം പറഞ്ഞത് ഞങ്ങൾ അംഗീകരിക്കുന്നു. അയാൾ കാരണം ആരുടേയും അവസരം നഷ്ടമാകാൻ താത്പര്യം ഇല്ലെന്നാണ് പറഞ്ഞത്. ”ജയന്ത പിടിഐയോട് പറഞ്ഞു.