വഞ്ചനാക്കേസില്‍ കെ. സുധാകരന് ആശ്വാസം; അറസ്റ്റ് ഹൈക്കോടതി താല്‍കാലികമായി തടഞ്ഞു
മോന്‍സണ്‍ മാവുങ്കലിന്റെ പുരാവസ്തുതട്ടിപ്പുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത വഞ്ചനാക്കേസില്‍ രണ്ടാംപ്രതിയായ കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ അറസ്റ്റ് ഹൈക്കോടതി താല്‍കാലികമായി തടഞ്ഞു. കെ.സുധാകരന്റെ ഹര്‍ജി ഫലയില്‍ സ്വീകരിച്ച കോടതി ഈ മാസം 21 വരെ സുധാകരനെ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്ന് നിര്‍ദ്ദേശിച്ചു.
ആരെയും വഞ്ചിച്ചിട്ടില്ലെന്ന് സുധാകരന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 23ന് ഹാജരാകാന്‍ ക്രൈംബ്രാഞ്ച് സുധാകരന് നോട്ടിസ് നല്‍കിയിരുന്നു. മോന്‍സന്‍ മാവുങ്കല്‍ ഒന്നാം പ്രതിയായ കേസില്‍ മുന്‍ ഐജി ജി.ലക്ഷ്മണ്‍, മുന്‍ ഡിഐജി എസ്.സുരേന്ദ്രന്‍ എന്നിവരാണു സുധാകരന്റെ കൂട്ടുപ്രതികള്‍.
ഗള്‍ഫിലെ രാജകുടുംബത്തിനു വിശേഷപ്പെട്ട പുരാവസ്തുക്കള്‍ വിറ്റ ഇനത്തില്‍ മോന്‍സനു കിട്ടിയ 2.62 ലക്ഷം കോടി രൂപ കേന്ദ്രസര്‍ക്കാര്‍ തടഞ്ഞുവച്ചതായി പരാതിക്കാരെ മോന്‍സന്‍ വിശ്വസിപ്പിച്ചെന്നാണു പരാതിയില്‍ പറയുന്നത്. ബാങ്കില്‍ കുടുങ്ങിക്കിടക്കുന്ന തുക പിന്‍വലിക്കാനുള്ള തടസ്സങ്ങള്‍ പരിഹരിക്കാനെന്നു പറഞ്ഞു മോന്‍സന്‍ പലപ്പോഴായി 10 കോടി രൂപ വാങ്ങി.
വീണ്ടും 25 ലക്ഷം രൂപ ചോദിച്ചെങ്കിലും കൊടുത്തില്ല. തുടര്‍ന്ന് 2018 നവംബര്‍ 22നു കൊച്ചി കലൂരിലെ മോന്‍സന്റെ വീട്ടില്‍വച്ചു കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ ഡല്‍ഹിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്നു നേരിട്ട് ഉറപ്പു നല്‍കി. ഈ വിശ്വാസത്തിലാണു മോന്‍സനു പണം നല്‍കിയതെന്നാണു പരാതിക്കാരുടെ ആരോപണം.