സവർക്കറും ഹെഡ്ഗെവാറും ഇനി പുറത്തിരിക്കട്ടെ, നെഹ്റുവും അംബേദ്കറും കുട്ടികളിലേക്ക്, മുൻ സർക്കാരിന്റെ പാഠ്യപദ്ധതി മാറ്റി കർണാടക സർക്കാർ.
കർണാടകയിൽ ഭരണം നേടിയതോടെ കൂടുതൽ പരിഷ്കാരങ്ങളുമായി കോൺഗ്രസ് സർക്കാർ മുന്നോട്ടു കുതിക്കുകയാണ്. ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏക കോട്ട പിടിച്ചടക്കിയതോടെ ബിജെപി സർക്കാർ സംസ്ഥാനത്ത് നടപ്പാക്കി വന്നിരുന്ന അപ്രസക്തമായ പല പരിഷ്കാരങ്ങളിലും ഇതിനോടകം മാറ്റം വരുത്തിക്കഴിഞ്ഞു. ഇപ്പോഴിതാ വിദ്യാഭ്യാസ രംഗത്ത് വിപ്ലകവകമായ മാറ്റത്തിനൊരുങ്ങിയിരിക്കുകയാണ് കർണാടക സർക്കാർ.
മുൻ സർക്കാറിന്റെ പാഠ്യപദ്ധതി പരിഷ്കാരങ്ങൾ റദ്ദാക്കിയിരിക്കുകയാണ് സിദ്ധരാമയ്യ സർക്കാർ. ആർഎസ്എസ് സ്ഥാപകൻ കേശവ് ബലിറാം ഹെഡ്ഗെവാർ, വി ഡി സവർക്കർ എന്നിവരെക്കുറിച്ച് പഠിപ്പിക്കുന്ന പാഠഭാഗങ്ങൾ ഒഴിവാക്കാനും പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെ കുറിച്ചുള്ള പാഠഭാഗം ഉൾപ്പെടുത്താനും തീരുമാനിച്ചു. മുൻ സർക്കാർ ഒഴിവാക്കിയ ഭരണഘടനാ ശിൽപി ബി ആർ അംബേദ്കറെക്കുറിച്ചുള്ള കവിതയും പാഠഭാഗങ്ങളിൽ ഉൾപ്പെടുത്തും.
കഴിഞ്ഞ ദിവസമാണ് പാഠ്യപദ്ധതിയിൽ മാറ്റം വരുത്താൻ മന്ത്രിസഭ അനുമതി നൽകിയത്.അഞ്ചംഗ കമ്മിറ്റിയാണ് പാഠപുസ്തകങ്ങൾ പരിഷ്കരിച്ചത്.പരിഷ്കരിച്ച പാഠ്യപദ്ധതിയാകും ഈ അധ്യയനവർഷം സ്കൂളുകളിൽ പഠിപ്പിക്കുക. ആറ് മുതൽ 10 വരെയുള്ള ക്ലാസുകളിലെ സാമൂഹ്യപാഠ പുസ്തകങ്ങളിലാണ് മാറ്റം വരുത്തിയത്. സാവിത്രി ഫൂലെയെക്കുറിച്ചുള്ള പാഠഭാഗവും ഉൾപ്പെടുത്തിയിട്ടുണ്ട്. ചക്രവർത്തി സുലിബലെ എഴുതിയ ഭാഗവും ഒഴിവാക്കി.
നെഹ്റു, അംബേദ്കർ തുടങ്ങിയവരുടെ ഭാഗങ്ങൾ ഒഴിവാക്കിയാണ് മുൻ സർക്കാർ ഹെഡ്ഗെവാർ, സവർക്കർ തുടങ്ങിയവരുടെ പാഠഭാഗങ്ങൾ ഉൾപ്പെടുത്തിയത്. അന്നത്തെ ബിജെപി സർക്കാറിന്റെ നടപടിയിൽ വ്യാപക വിമർശനമുയർന്നിരുന്നു. പാഠ പുസ്തകങ്ങൾ പരിഷ്കരിക്കുമെന്നത് കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി കുമാർ ബംഗാരപ്പ പറഞ്ഞു.