മലയാള സിനിമയുടെ ‘സുകുമാരൻ പ്രസൻസ്’ മറഞ്ഞിട്ട് 26 വർഷം
ഒരു തലമുറയുടെ ക്ഷുഭിത യൗവനത്തിൻ്റെ പ്രതീകമായിരുന്ന നടൻ സുകുമാരൻ ഓർമയായതിന്റെ 26 വർഷങ്ങൾ! മലയാള സിനിമയുടെ വെള്ളിത്തിരയിൽ എഴുപതുകളിലും എൺപതുകളിലും നിറഞ്ഞു നിന്ന സുകുമാരൻ ആരുടെ മുന്നിലും മുഖത്ത് നോക്കി പറയുന്ന കഥാപാത്രങ്ങളിലൂടെ, ആ തൻ്റേടത്തിലൂടെ പ്രേക്ഷകരുടെ മനസ് കീഴടക്കുകയായിരുന്നു. ഇന്നത്തെ തലമുറയെ സംബന്ധിച്ച് സൂപ്പർ താരം പൃഥ്വിരാജിൻ്റെയും ഇന്ദ്രജിത്തിന്റെയും പിതാവ്, ഇന്നലെകളിലെ ഒരു നടൻ എന്നതാണ് ധാരണകളെങ്കിൽ അല്പം മുതിർന്ന പ്രേക്ഷകരുടെ സിരകളിൽ ഒരുകാലത്ത് വിപ്ലവം സൃഷ്ടിക്കാൻ കരുത്തുള്ള ഒരുപിടി കഥാപാത്രങ്ങളെ പകർന്നാടിയ നായകനും നടനുമായിരുന്നു അദ്ദേഹം.
തന്റെതായ ഇടം സിനിമയിൽ സൃഷ്ടിക്കാൻ തുടക്കകാലത്ത് തന്നെ സുകുമാരനു കഴിഞ്ഞിരുന്നു. അദ്ദേഹത്തിൻ്റെ ഭാഷയിൽ പറഞ്ഞാൽ തന്റെ പ്രസൻസ് ഓരോ സീനിലും നൽകിയ പ്രതിഭ. നടൻ സാദ്ധിഖാണ് സുകുമാരൻ്റെ ഈ അഭിനയ ശൈലിയെക്കുറിച്ച് പറഞ്ഞിട്ടുള്ളത്. ഉപ്പ് എന്ന സിനിമയിലൂടെ തുടക്കം കുറിച്ച് സാദ്ധിഖിൻ്റെ രണ്ടാമത്തെ ചിത്രമായിരുന്നു മുദ്ര. മമ്മൂട്ടി നായകനായി സിബി മലയിൽ സംവിധാനം ചെയ്ത ചിത്രത്തിൽ അഭിനയിക്കുമ്പോൾ ഹോട്ടലിൽ നിന്നും ലൊക്കേഷനിലേക്കും തിരിച്ചും സുകുമാരനൊപ്പമായിരുന്നു കാറിൽ സഞ്ചരിക്കുന്നത്.
ആ യാത്രയിലാണ് ഉപദേശമെന്നവണ്ണം സുകുമാരൻ പറഞ്ഞുകൊടുത്തത്, “സാദ്ധിഖേ… ഒരു സിനിമയിൽ നമ്മൾ മുഴുനീളം അഭിനയിച്ചാലും പ്രേക്ഷകർ ശ്രദ്ധിക്കണമെന്നില്ല, അതിന് ഒരു സീനിലെങ്കിലും നമ്മുടേതായ പ്രസൻസ് കൊടുക്കണം. എങ്കിൽ മാത്രമേ നിലനിൽപ്പുള്ളു…” അഭിനയിച്ചിരുന്ന കാലത്തും പിന്നീടും മലയാള സിനിമയിൽ സുകുമാരൻ്റെ പ്രസൻസ് പ്രേക്ഷകർ ഓർത്തിരിക്കുന്നത് ആ ദീർഘവീക്ഷണത്തിനാലാണ്.
കാസർകോഡ് അധ്യാപകനായി ജോലി ചെയ്യുന്ന സമയത്ത് 1973 ലാണ് ‘നിർമാല്യം’ ത്തിൽ അഭിനയിക്കുന്നതിന് സുകുമാരന് അവസരം ലഭിക്കുന്നത്. “സ്കൂളിലോ കോളേജിലോ ഞാൻ അഭിനയിച്ചിട്ടില്ല, ഒരു കലാപ്രവർത്തനവും ഇതുവരെ ഉണ്ടായിട്ടില്ല, പക്ഷേ, എനിക്ക് അഭിനയിക്കാൻ കഴിയും“, ചിത്രത്തിൻ്റെ സംവിധായകൻ എം.ടി. വാസുദേവൻ നായരുമായുള്ള കൂടിക്കാഴ്ചയിൽ സുകുമാരൻ പറഞ്ഞു. ആ ആത്മവിശ്വാസത്തിൽ സുകുമാരൻ ‘നിർമാല്യ’ത്തിലെ അപ്പുവായി. ഭാഷയിലുള്ള കൈയടക്കവും ചടുലമായ സംഭാഷണ ചാരുതയും അദ്ദേഹം പ്രേക്ഷകർ ഏറ്റെടുത്തു.
1977-ൽ പുറത്തുവന്ന ‘ശംഖുപുഷ്പം’ എന്ന ചിത്രത്തിലൂടെയാണ്.സുകുമാരൻ താരങ്ങളുടെ മുൻനിരയിലേക്ക് കടന്നുവരുന്നത്. എം.ടിയുടെ തന്നെ “ബന്ധനം’ എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും സുകുമാരൻ നേടി. പിന്നീട് സുകുമാരൻ എന്ന നടൻ്റെ വളർച്ചയായിരുന്നു പ്രേക്ഷകർ കണ്ടത്. ക്ഷുഭിത യൗവ്വനത്തിന്റെയും ആത്മ സംഘർഷത്തിന്റയും സ്വാഭാവിക മുഖങ്ങൾ തിരശീലയിൽ തനിമയോടെ തൻ്റെതായ ശൈലിയിൽ അദ്ദേഹം പകർത്തി. ഒരുകാലത്ത് ജയൻ – സുകുമാരൻ – സോമൻ തരംഗം മലയാള സിനിമയുടെ ശക്തിമുദ്രയായിരുന്നു.
സിനിമയിൽ തിരക്കുള്ള സമയത്ത് കെ.ജി. ജോർജ് സംവിധാനം ചെയ്ത ‘ഇരകൾ’, മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ച് അഭിനയിച്ച ‘പടയണി’ എന്നീ ചിത്രങ്ങൾ സുകുമാരൻ നിർമിച്ചിരുന്നു. 1985ലെ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്കാരം ഇരകൾ നേടി. തന്റെയും ഭാര്യ മല്ലികയുടെയും പേരുകളിലെ ആദ്യാക്ഷരങ്ങൾ ചേർത്ത് എം.എസ്. ഫിലിംസിന്റെ ബാനറിൽ ഇരകളും മക്കളായ ഇന്ദ്രജിത്തിന്റെയും പൃഥ്വിരാജിന്റെയും പേരുകൾ ചേർത്തുള്ള ഇന്ദ്രരാജ് ക്രിയേഷൻസിന്റെ ബാനറിൽ പടയണിയും നിർമിച്ചത്.
മലയാള സിനിമയിലെ ഒരു തികഞ്ഞ സിനിമ കുടുബം എന്നും വിശേഷിപ്പിക്കാവുന്നതാണ് സുകുമാരനെക്കുറിച്ച്. ചലച്ചിത്ര നടിയായിരുന്ന മല്ലികയെ 1978 ഒക്ടോബർ 17 നാണ് സുകുമാരൻ വിവാഹം കഴിച്ചത്. മക്കൾ ഇന്ദ്രജിത്തും പൃഥ്വിരാജും ഇന്ന് തങ്ങളുടേതായ മേൽവിലാസം സൃഷ്ടിച്ചവരാണ്. ഇന്ദ്രജിത്തിൻ്റെ ഭാര്യ പൗർണമിയും അഭിനയ ലോകത്തുണ്ട്. ഇവരുടെ മകൾ പ്രാർത്ഥ ചലച്ചിത്ര പിന്നണി ഗാനരംഗത്ത് സജീവമായിക്കഴിഞ്ഞു. പൃഥ്വിരാജിൻ്റെ ഭാര്യ സുപ്രിയയാണ് പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്ന സിനിമാ നിർമാണ കമ്പനിയുടെ അമരക്കാരി.
മക്കളുടെ സിനിമാ പ്രവേശനം കാണാനുള്ള അവസരം സുകുമാരന് കാലം അനുവദിച്ചില്ല. 1997 ജൂണിൽ മൂന്നാറിലെ വേനൽക്കാല വസതിയിലേക്ക് യാത്രപോയ സുകുമാരന് അവിടെ വച്ച് പെട്ടെന്ന് നെഞ്ചുവേദന വരികയായിരുന്നു. സമീപത്തുള്ള ആശുപത്രിയിലും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജൂൺ 16 ന് ഈ ലോകത്തോട് വിടപറഞ്ഞു. അഭ്രപാളിയിൽ ഇനിയുമേറെ കഥാപാത്രങ്ങളെ പകർന്നാടാൻ ബാക്കി നിർത്തി 52-ാം വയസിലാണ് അദ്ദേഹം യാത്രയായത്.