കാട്ടാനക്കൂട്ടം ഉപേക്ഷിച്ച കുട്ടിയാന; കൃഷ്ണയെന്ന് വിളിച്ച് വനം വകുപ്പ്, അമ്മ എത്തിയില്ലെങ്കിൽ സംരക്ഷിക്കും
അട്ടപ്പാടിയിൽ വീണ്ടും കാടിറങ്ങി കാട്ടാനക്കുട്ടി. പാലൂരിലാണ് കൂട്ടം തെറ്റിയ കാട്ടാനക്കുട്ടിയെ വനം വകുപ്പ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം കാടിറങ്ങിയ കുട്ടിയാനയെ കാട്ടിൽ കയറ്റി വിട്ടിരുന്നെങ്കിലും വീണ്ടും ഇറങ്ങി വരികയായിരുന്നു. വനം വകുപ്പ് ജീവനക്കാർ ആനക്കുട്ടിക്ക് പഴവും വെള്ളവും നൽകുന്നുണ്ട്.
കൃഷ്ണ വനത്തിൽ നിന്ന് കിട്ടിയതു കൃഷ്ണ എന്നാണ് ആനക്കുട്ടിക്ക് വനം വകുപ്പ് പേര് നൽകിയത്. രാത്രി വരെ കൃഷ്ണയെ കാട്ടിൽ പ്രത്യേക ഷെൽട്ടറിൽ നിർത്തും. അതിനു ശേഷവും അമ്മയാന വന്നില്ലെങ്കിൽ വനംവകുപ്പ് സംരക്ഷണം ഏറ്റെടുക്കുമെന്നാണ് തീരുമാനം.
കാട്ടാനക്കുട്ടിയെ കാടു കയറ്റാൻ വനംവകുപ്പിൻ്റെ ജീപ്പിലാണ് കൊണ്ടുപോയത്. ഒരു വയസ് പ്രായമാണ് കുട്ടിയാനയ്ക്കുള്ളത്. ആരോഗ്യസ്ഥിതി മോശമായതിനാൽ കാട്ടാനക്കൂട്ടം ഉപേക്ഷിച്ചതാകാമെന്നാണ് വനംവകുപ്പിന്റെ നിഗമനം.