ആക്ഷന്‍ സിനിമകളില്‍ ഇപ്പോഴും പുരുഷ താരങ്ങള്‍ക്കാണ് ക്രെഡിറ്റ്, ബാഹുബലി കൊ്ണ്ട് ഒരു നേട്ടവും ഉണ്ടായില്ല: തമന്ന ഭാട്ടിയ
കരിയറില്‍ ബാഹുബലിയിലൂടെ തനിക്ക് വലിയ നേട്ടങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ലെന്ന് തുറന്നുപറഞ്ഞ് തമന്ന. ഫിലിം കമ്പാനിയന് നല്‍കിയ ഏറ്റവും പുതിയ അഭിമുഖത്തിലാണ് തമന്ന മനസുതുറന്നത്. വന്‍ വിജയം നേടിയ സിനിമയില്‍നിന്ന് തന്റെ സഹതാരങ്ങളായ പ്രഭാസിനെയോ റാണയെയോ പോലെ നേട്ടമുണ്ടാക്കാന്‍ തനിക്ക് കഴിഞ്ഞിട്ടില്ലെന്നാണ് തമന്ന പറഞ്ഞത്.
‘ഇപ്പോഴും ആക്ഷന്‍ സിനിമകളില്‍ പുരുഷ താരങ്ങള്‍ക്കാണ് ക്രെഡിറ്റ് നല്‍കുന്നത് എന്ന് എനിക്ക് തോന്നുന്നു’, ‘എനിക്ക് ലഭിക്കാതെ പോയ നേട്ടം പ്രഭാസിനും റാണയ്ക്കും സിനിമയില്‍നിന്ന് ലഭിച്ചത് ന്യായമാണെന്ന് കരുതുന്നു, കാരണം സിനിമയിലെ എന്റെ ഭാഗവും അത്രമാത്രമേ ഉണ്ടായിരുന്നുള്ളു’, തമന്ന പറയുന്നു.
ബാഹുബലി വഴി തനിക്കുണ്ടായ വിജയത്തില്‍ മുഴുകാന്‍ പറ്റിയ മാനസികവസ്ഥയില്‍ ആയിരുന്നില്ല താനെന്നും നടി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ചിത്രത്തിലെ തന്റെ വേഷത്തിന് ലഭിച്ച എല്ലാ സ്‌നേഹത്തിനും പ്രതികരണത്തിനും തമന്ന നന്ദി പറഞ്ഞു. മുന്‍പെങ്ങും ഇല്ലാത്ത പ്രതികരണമാണ് തനിക്ക് ലഭിച്ചതെന്നും നടി വ്യക്തമാക്കി.
ലസ്റ്റ് സ്റ്റോറീസ് 2 ആണ് തമന്നയുടെ റിലീസിനെത്തുന്ന പുതിയ സിനിമ. ചിരഞ്ജീവി നായകനാകുന്ന ഭോല ശങ്കര്‍, രജനീകാന്തിന്റെ ജയിലര്‍, ദിലീപ് നായകനാകുന്ന ബാന്ദ്ര തുടങ്ങിയ സിനിമകളും തമന്നയുടേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.