സാഹചര്യത്തെളിവുകളുടെ അഭാവം; പോക്സോ റദ്ദാക്കാൻ അപേക്ഷിച്ച് പൊലീസ്,ബിജെപി എം പി ബ്രിജ് ഭൂഷണെതിരായ കുറ്റപത്രം സമര്‍പ്പിച്ചു
ബിജെപി എംപിയും ദേശീയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനുമായ ബ്രിജ് ഭൂഷനെതിരായ കുറ്റപത്രം സമർപ്പിച്ചു. ഗുസ്തി താരങ്ങൾ നൽകിയ ലൈംഗിക പീഡനക്കേസിലാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. സാഹചര്യത്തെളിവുകളുടെ അഭാവത്തില്‍ പോക്സോ കേസ് റദ്ദാക്കാനും പൊലീസ് അപേക്ഷ നല്‍കിയിട്ടുണ്ട്.
പ്രായപൂര്‍ത്തിയാകാത്ത താരത്തിന്‍റെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന് പൊലീസ് പട്യാല ഹൗസ് കോടതിയില്‍ ആവശ്യപ്പെട്ടിട്ടുമുണ്ട്. പ്രായപൂര്‍ത്തിയാകാത്ത താരം ഉന്നയിച്ച പരാതിക്ക് അടിസ്ഥാനമില്ലെന്നാണ് പൊലീസ് വാദം. പെണ്‍കുട്ടി മൊഴി പിന്‍വലിച്ചെന്നും പൊലീസ് കോടതിയെ അറിയിച്ചു. അതിനടെ പെൺകുട്ടിയുടെ പിതാവ് നൽകിയ മൊഴിയും കേസിൽ തിരിച്ചടിയായിരുന്നു.
അന്വേഷണ സമയത്ത് പൊലീസ് പ്രതിഭാഗവുമായി ചേർന്ന് ഒത്ത് കളിച്ചതായി ആരോപണം ഉണ്ടായിരുന്നു. തെളിവെടുക്കുന്ന സമയത്ത് ബ്രിജ് ഭൂഷൻ സമീപത്തുണ്ടായിരുന്നത് ഭയപ്പെടുത്തിയതായി പരാതിക്കാരി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ലൈംഗിക പീഡന കേസിലും ബ്രിജ് ഭൂഷണെ വെള്ള പൂശാന്‍ പൊലീസ് ശ്രമം നടത്തിയിട്ടുണ്ടെന്നാണ് സൂചന.
പോക്സോ കേസ് റദ്ദായാല്‍ ബ്രിജ് ഭൂഷണെതിരായ കുറ്റത്തിന്‍റെ തീവ്രത കുറയും. മറ്റ് പരാതികളും വ്യജമാണെന്ന് തെളിയിച്ചാൽ ബ്രിജ് ഭൂഷണ് രക്ഷപ്പെടാം. അന്വേഷണത്തില്‍ പൊലീസിന്‍റെ നിലപാടാണ് അന്തിമമെന്ന് കേന്ദ്ര സര്‍ക്കാരും വ്യക്തമാക്കി കഴിഞ്ഞു. എന്നാൽ കേസ് ബ്രിജ് ഭൂഷന് അനുകൂലമായാൽ സമരം വീണ്ടും ശക്തമാക്കാനാണ് താരങ്ങളുടെ തീരുമാനം.