ജിംനി വാങ്ങാൻ കൂട്ടയിടി; വില പ്രഖ്യാപനത്തിന് ശേഷം ബുക്കിംഗിൽ വൻ വർദ്ധനവ് !

Spread the love

രാജ്യത്തെ വാഹന പ്രേമികൾ ഏറെ നാളായി കാത്തിരുന്ന വാഹനമാണ് മാരുതി സുസുക്കി ഫൈവ് ഡോർ ജിംനി ലൈഫ്‌സ്‌റ്റൈൽ എസ്‌യുവി. വാഹനം ഒടുവിൽ ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തിയിരിക്കുകയാണ്. ഇക്കഴിഞ്ഞ ജൂൺ 7 ന് ജിംനിയുടെ വില പ്രഖ്യാപിച്ചതോടെ ബുക്കിങ്ങുകളുടെ എണ്ണം കൂടിയെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. മാരുതിയുടെ മാർക്കറ്റിംഗ് ആൻസ് സെയിൽസ് സീനിയർ എക്‌സിക്യൂട്ടീവ് ഓഫീസറായ ശശാങ്ക് ശ്രീവാസ്തവ ആണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വില പ്രഖ്യാപനത്തിന് മുമ്പ് പ്രതിദിനം 92 ബുക്കിംഗാണ് ലഭിച്ചിരുന്നത്. എന്നാൽ അതിനു ശേഷം അത് 151 ആയി ഉയർന്നതായും അദ്ദേഹം പറഞ്ഞു. സീറ്റ മാനുവൽ, ആൽഫ മാനുവൽ,ആൽഫ മാനുവൽ ഡ്യുവൽ-ടോൺ, സീറ്റ ഓട്ടോമാറ്റിക്, ആൽഫ ഓട്ടോമാറ്റിക് ഡ്യുവൽ-ടോൺ എന്നിങ്ങനെ ആറ് വ്യത്യസ്ത വേരിയന്റുകളിൽ വാഹനം സ്വന്തമാക്കാനാകും.

ഒന്നിലധികം സിംഗിൾ, ഡ്യുവൽ ടോൺ കളർ ഓപ്ഷനുകളിലാണ് മാരുതി സുസുക്കി ജിംനി വിപണിയിൽ എത്തുന്നത്. ബ്ലൂഷ് ബ്ലാക്ക്, കൈനറ്റിക് യെല്ലോ വിത്ത് ബ്ലൂഷ് ബ്ലാക്ക് റൂഫ്, സിസ്ലിംഗ് റെഡ് വിത്ത് ബ്ലൂഷ് ബ്ലാക്ക് റൂഫ്, നെക്സ ബ്ലൂ, സിസ്ലിംഗ് റെഡ്, ഗ്രാനൈറ്റ് ഗ്രേ, പേൾ ആർട്ടിക് വൈറ്റ് എന്നീ കളർ ഓപ്ഷനുകളിലാണ് ജിംനി തെരഞ്ഞെടുക്കാൻ സാധിക്കുക. അഞ്ച് പതിറ്റാണ്ടിലേറെയായി സുസുക്കിയുടെ ആഗോള ലൈനപ്പിലെ പ്രധാന മോഡലാണ് ജിംനി.

കൂടുതൽ നൂതനമായ ഫീച്ചറുകളുടെ ലിസ്റ്റും വിശാലമായ ക്യാബിനും രണ്ട് അധിക ഡോറുകളും നീളമേറിയ വീൽബേസുമാണ് ഫൈവ് ഡോർ പതിപ്പിനെ വ്യത്യസ്തമാക്കുന്നത്. ഇന്ത്യയിൽ നിർമ്മിച്ച അഞ്ച് വാതിലുകളുള്ള ജിംനി മറ്റ് നിരവധി വിദേശ വിപണികളിലേക്കും കയറ്റി അയക്കും. ലാഡർ ഫ്രെയിം ഷാസിയിലാണ് ജിംനി നിർമിച്ചിരിക്കുന്നത്. എസ്‌യുവിയുടെ കുത്തനെയുള്ള എ-പില്ലറുകൾ, ഫ്ലാറ്റ് ക്ലാംഷെൽ ബോണറ്റ്, എൽഇഡി പ്രൊജക്ടർ എന്നിവയും എടുത്തു പറയേണ്ടവയാണ്. 3,985 mm നീളവും 1,645 mm വീതിയും 1,720 mm ഉയരവും 2,590 mm വീൽബേസുമാണ് എസ്‌യുവിക്ക് ഉള്ളത്.

ഇന്റീരിയർ പൂർണമായും കറുപ്പിലാണ് ഒരുക്കിയിരിക്കുന്നത്. ഓട്ടോമാറ്റിക് എൽഇഡി ഹെഡ്ലാമ്പുകൾ, 9.0 ഇഞ്ച് സ്മാർട്ട്‌പ്ലേ പ്രോ+ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഓട്ടോമാറ്റിക്ക് ക്ലൈമറ്റ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ, കീലെസ്സ് എൻട്രി ആൻഡ് ഗോ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയും ഉൾപ്പെടുന്നു. ആറ് എയർബാഗുകൾ, എബിഎസ് സഹിതം ഇബിഡി, റിയർ വ്യൂ ക്യാമറ, ഹിൽ ഹോൾഡ് അസിസ്റ്റ് ഉള്ള ഇഎസ്പി തുടങ്ങി നിരവധി സുരക്ഷാ ഫീച്ചറുകളുമായാണ് ജിംനി വരുന്നത്.

1.5 ലിറ്റർ പെട്രോൾ എഞ്ചിനിലാണ് ജിംനി എത്തുന്നത്. എഞ്ചിൻ ഏകദേശം 105 ബിഎച്ച്പി കരുത്തിൽ 134 എൻഎം ടോർക്ക് വരെ ഉത്പാദിപ്പിക്കും. ഈ വർഷം ജനുവരിയിൽ നടന്ന ഓട്ടോ എക്സ്പോയിലാണ് വാഹനം ആദ്യമായി പ്രദർശിപ്പിച്ചത്. കമ്പനിയുടെ മൊത്തത്തിലുള്ള ബ്രാൻഡ് മൂല്യത്തിൽ ജിംനി വലിയ സ്വാധീനം ചെലുത്തുമെന്ന് മാരുതി സുസുക്കി ഇന്ത്യ സീനിയർ എക്‌സിക്യൂട്ടീവ് ഓഫീസർ ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു. 960 കോടി രൂപയാണ് ഇതിനായി നിക്ഷേപിച്ചിരിക്കുന്നത്.

ഇന്ത്യയിലെ 5-ഡോർ ജിംനിക്ക് 12.74 ലക്ഷം രൂപ മുതൽ 15.05 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വിലയായി തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ സെറ്റ മാനുവൽ ട്രാൻസ്മിഷൻ വേരിന്റിന് 12.74 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. ഇതിന്റെ ഹൈ എൻഡ് മോഡലായ ആൽഫ ഓട്ടോമാറ്റിക്ക് ഡ്യൂവൽ ടോൺ വേരിയന്റിന് 15.05 ലക്ഷം രൂപയുമാണ് എക്‌സ് ഷോറൂം വില. രാജ്യത്തുള്ള എല്ലാ നെക്‌സ ഡീലർഷിപ്പുകളിലൂടെയും ലൈഫ്‌സ്‌റ്റൈൽ ഓഫ്-റോഡ് എസ്‌യുവിയുടെ ഡെലിവറികൾ ആരംഭിച്ചു കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *