ഇതെന്നെ ട്രോളാനാണോ അതോ സ്നേഹം കൊണ്ടാണോ? അരിക്കൊമ്പന് ഇടുക്കിയിൽ സ്മാരകം ഒരുക്കി, വേറെ ലെവൽ ആരാധനയുമായി കർഷകൻ
ഇടുക്കി ചിന്നക്കനാലിൽ ഭീതിപടർത്തിയ കാട്ടാന അരിക്കൊമ്പനെ കേരളം മയക്കുവെടിച്ച് വച്ച് പിടികൂടി കാടുകടത്തിയിരുന്നു. പിന്നീട് തമിഴ്നാട്ടിലെത്തി ജനവാസ മേഖലയിൽ നാശനഷ്ടങ്ങളുണ്ടാക്കിയതോടെ തമിഴ്നാട് വനം വകുപ്പും അരിക്കാമ്പനെ മയക്കുവെടിവച്ച് പിടികൂടി കാടുകടത്തി. അരിക്കൊമ്പൻ വിതച്ച ഭീതിയിൽ ഒരു വിഭാഗം ആളുകൾ പ്രതിസന്ധിയിലായപ്പോൾ അതിന് പ്രതിവിധി കാണാൻ സർക്കാർ മുന്നിട്ടിറങ്ങി. അതേ സമയം ആനയെ തിരികെയെത്തിച്ച് സംരക്ഷിക്കണമെന്ന് പറഞ്ഞ് അരിക്കൊമ്പൻ ഫാൻസും രംഗത്തെത്തിയിരുന്നു.
കാടുകടത്തിയാലും , നാട്ടിൽ ശല്യമുണ്ടാക്കിയാലും അരിക്കൊമ്പന്റെ കാര്യത്തിൽ ആളുകൾ രണ്ട് ഭാഗത്താണ് എന്നും. ഇപ്പോഴിതാ അരിക്കൊമ്പനുമായി ബന്ധപ്പെട്ട് ഇടുക്കി കഞ്ഞിക്കുഴിയിൽ നിന്നും വരുന്ന ഒരു വാർത്തയാണ് കൗതുകം ഉണർത്തുന്നത്. കേരളം നാടുകടത്തിയ കാട്ടുകൊമ്പന് സ്മാരകം നിർമ്മിച്ചിരിക്കുകയാണ് ഒരു കർഷകൻ. അരിക്കൊമ്പന്റെ 8 അടി ഉയരമുള്ള പ്രതിമ നിർമിച്ചിരിക്കുകയാണ് ഇടുക്കി – കഞ്ഞിക്കുഴി വെട്ടിക്കാട്ട് ബാബു.
അരിക്കൊമ്പനോടുള്ള സ്നേഹം കൊണ്ടാണ് പ്രതിമ നിർമ്മിച്ചതെന്ന് ബാബു പറയുന്നു. എന്നാൽ പണ്ടു കൃഷി നശിപ്പിച്ച പ്രതികാരമാണോ, കാടുകടത്തിയതിലുള്ള പരിഹാസമോണോ ഈ സ്മാരകത്തിന് പിറകിലെന്ന് വ്യക്തമല്ല. ഏതായാലും ബാബുവും , പ്രതിമയും വൈറലായിക്കഴിഞ്ഞു.